26 December Thursday

ഒൻപതാം വയസിൽ കാണാതായ കുട്ടിയെ പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ഛത്തീസ്​ഗഡ് > ഒൻപതാം വയസിൽ കാണാതായ കുട്ടിയെ പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി. ഹരിയാനയിലെ കർണാൽ ജില്ലയിലാണ്  സംഭവം. 20 കാരനായ യുവാവ് പതിനൊന്ന് വർഷത്തിന് ശേഷം ഇന്നലെ കുടുംബത്തിനെ കണ്ടെതായി ഹരിയാന പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ്ങ് യൂണിറ്റ് (എഎച്ച്ടിയു) അറിയിച്ചു.

2013 ലാണ് കർണാൽ സ്വദേശി സാത്ബിറിനെ (ടാർസൻ) കാണാതാകുന്നത്. അന്ന് സാത്ബിറിന്റെ പ്രായം ഒൻപത് വയസായിരുന്നു. കുട്ടിയെ കാണാതായശേഷം സാത്ബിറിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. മകന്റെ കയ്യിൽ നായയുടെ കടിയേറ്റ പാടും ഇടതു കൈത്തണ്ടയിൽ കുരങ്ങിന്റെ കടിയേറ്റ അടയാളവുമുണ്ടെന്ന് അന്ന് അന്വേഷണ സംഘത്തിനോട് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഈ അടയാളങ്ങളിലൂടെയാണ് കുട്ടിയെ കണ്ടെത്താനായത്.

സാത്ബിറിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഎച്ച്ടിയു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ ആന്വേഷണം നടത്തിയിരുന്നു. ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ, കാൻപൂർ, ഷിംല, ലഖ്നൗ എന്നിവിടങ്ങളിലെ  ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ കുട്ടിയുടെ ചിത്രവും വിവരങ്ങളുമടക്കം അന്വേഷണം നടത്തിയിരുന്നു.

വർഷങ്ങൾക്ക് ശേഷം ലഖ്നൗവിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കുട്ടിയെക്കറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ശിശു സംരക്ഷണ കേന്ദ്രത്തിലുള്ളത് സാത്ബിർ തന്നെയാണെെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി മമ്ത സിങിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top