ന്യൂഡൽഹി
ഉത്തർപ്രദേശിലെ അമേഠിയിൽ സർക്കാർ സ്‌കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും വെടിവച്ചുകൊന്നു. ദളിത് വിഭാഗത്തിൽപെട്ട സുനിൽകുമാർ(35), പൂനം ഭാരതി(33), ദൃഷ്ടി(അഞ്ച്), ലാതോ( ഒന്നര) എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദൻ വർമ എന്നയാളിൽനിന്ന് വധഭീഷണിയുണ്ടെന്ന് പൂനം ഒന്നര മാസം മുമ്പ് പൊലീസിന് പരാതി നൽകിയിരുന്നു.
റായ്‌ബറേലിയിൽനിന്നുള്ള കുടുംബം അമേഠിയിലെ അഹോർവ ഭവാനിയിൽ വാടക വീട്ടിൽ കഴിയവെയാണ് വ്യാഴാഴ്‌ച വൈകിട്ട് ആക്രമിക്കപ്പെട്ടത്. അക്രമിസംഘം ഒൻപത് തവണ വെടിവച്ചുവെന്ന് കരുതുന്നതായി അമേഠി ജില്ലാ പൊലീസ് മേധാവി അനൂപ് സിങ് പറഞ്ഞു. സുനിൽകുമാറിന്റെ കുടുംബത്തിനുനേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അച്ഛൻ രാംഗോപാൽ കുമാർ സ്ഥിരീകരിച്ചു. ആഗസ്‌ത് 18ന് ആശുപത്രിയിൽ പോയ സുനിൽകുമാറിനെയും പൂനത്തെയും റായ്‌ബറേലി സ്വദേശിയായ ചന്ദൻ വർമ ആക്രമിച്ചതിനെതുടർന്ന് നൽകിയ പരാതിയിൽ തനിക്കും ഭർത്താവിനും എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ വർമയാണ് ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു. നാഥനില്ലാത്ത അവസ്ഥയിലാണ് യുപിയെന്ന് സമാജ്‌വാദി പാർടി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..