22 December Sunday
വിദ്യാർഥികളെ ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തു ,കോച്ചിങ് സെന്റർ ഉടമയും കോ–ഓർഡിനേറ്ററും
 അറസ്‌റ്റിൽ

സിവിൽ സർവീസ്‌ കോച്ചിങ്‌ സെന്റർ ദുരന്തം ; മരിച്ചവരിൽ മലയാളി വിദ്യാർഥിയും , ഡൽഹിയിൽ വൻ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Jul 28, 2024

ഡൽഹി ഓൾഡ്‌ രാജേന്ദ്രനഗറിലെ റാവൂസ്‌ സിവിൽ സർവീസ്‌ പരിശീലന കേന്ദ്രത്തിൽ മൂന്നു വിദ്യാർഥികളുടെ 
മരണത്തിനിടയാക്കിയ ദുരന്തത്തിൽ പ്രതിഷേധിക്കുന്നവർ ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി
സിവിൽ സർവീസ്‌ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ മഴവെള്ളവും മലിനജലവും ഇരച്ചുകയറി മലയാളി ഉൾപ്പെടെ മൂന്ന്‌ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ ഡൽഹിയിൽ വ്യാപക പ്രതിഷേധം. ജെഎൻയുവിൽ മലയാളി ഗവേഷണ വിദ്യാർഥി നെവിൻ ഡാൽവിൻ(28), യുപി സ്വദേശി ശ്രേയ യാദവ്‌ (25 ), തെലങ്കാനയിൽനിന്നുള്ള താനിയ സോണി (25) എന്നിവരാണ്‌ മരിച്ചത്‌. മലയാറ്റൂർ നീലീശ്വരം മുണ്ടങ്ങാമറ്റം ലാൻസ് വില്ലയിൽ റിട്ട. ഡിവൈഎസ്‌‌പി ഡാൽവിൽ സുരേഷിന്റെയും കാലടി സംസ്‌കൃത സർവകലാശാല ജ്യോഗ്രഫി വിഭാഗം പ്രൊഫസറും മുൻ സിൻഡിക്കറ്റ്‌ അംഗവുമായ ഡോ. ടി എസ് ലാൻസ്‌ലെറ്റിന്റെയും മകനാണ്‌ നെവിൻ.

കരോൾബാഗിനടുത്തുള്ള ഓൾഡ്‌ രാജേന്ദ്രനഗറിലെ റാവൂസ്‌ ഐഎഎസ്‌ സ്റ്റഡി സർക്കിളിന്റെ ബേസ്‌മെന്റിലെ  ലൈബ്രറിയിലേക്ക്‌ ശനി രാത്രി ഏഴോടെയാണ്‌ ഓവുചാലിലെ വെള്ളം ഇരച്ചുകയറിയത്‌.  എട്ടടി ഉയരമുള്ള ബേസ്‌മെന്റിൽ മൂന്ന്‌ മിനിറ്റിൽ വെള്ളം നിറഞ്ഞു. നാൽപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നു. മുകൾനിലയിലെത്താനുള്ള  കോണിപ്പടിയിലൂടെ മുപ്പതോളംപേർ രക്ഷപ്പെട്ടു. മരിച്ച മൂന്നുപേരടക്കം പത്തുപേർ ബേസ്‌മെന്റിൽ കുടുങ്ങി. അഗ്‌നിശമന സേനാംഗങ്ങൾ എത്തി ഏഴുപേരെ രക്ഷിച്ചു. രക്ഷാപ്രവർത്തകർ എത്താൻ വൈകിയെന്ന്‌ ആക്ഷേപമുണ്ട്‌.

ഞായർ രാവിലെ മുതൽ വിദ്യാർഥികൾ ഓൾഡ്‌ രാജേന്ദ്രനഗർ, കരോൾബാഗ്‌ മേഖലകളിൽ റോഡുതടഞ്ഞും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള  സംഘടനകൾ പ്രക്ഷോഭത്തിൽ പങ്കാളികളായി.  വിദ്യാർഥികളെ പൊലീസ്‌ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. നിരവധി പേർക്ക്‌ പരിക്കേറ്റു. രാത്രി വൈകിയും പ്രതിഷേധം തുടർന്നു.

രാജ്യസഭാംഗം വി ശിവദാസനും എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനുവും ഐക്യദാർഢ്യവുമായെത്തി. കെ രാധാകൃഷ്‌ണൻ എംപി മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ മൃതദേഹം സൂക്ഷിച്ച ആർഎംഎൽ ആശുപത്രിയിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിച്ചു. നെവിന്റെ അമ്മാവൻ ലിനുരാജ്‌ ഡൽഹിയിലെത്തിയിട്ടുണ്ട്‌. മൃതദേഹം തിങ്കളാഴ്‌ച  നാട്ടിലെത്തിക്കും. കോച്ചിങ്‌ സെന്റർ ഉടമ അഭിഷേക്‌ ഗുപ്‌ത, കോഓർഡിനേറ്റർ ദേശ്‌പാൽ സിങ് എന്നിവർ അറസ്റ്റിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top