30 December Monday

റീൽസ് കണ്ട് സമയം കളഞ്ഞെന്ന് ആരോപണം; അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ബംഗളൂരു > ബംഗളൂരുവിൽ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. ബംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലെ രവികുമാറാണ് അറസ്റ്റിലായത്. അച്ഛന്റെ അടിയേറ്റ് 14 വയസുകാരൻ തേജസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ രവികുമാർ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. പഠനത്തിൽ താൽപ്പര്യമില്ലാതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് രവികുമാർ തേജസിനെ കൊലപ്പെടുത്തിയത്. മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചും ചുമരിൽ തലയിടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച സ്‌കൂൾ അവധിയായതിനാൽ മൊബൈൽ ഫോണിൽ മകൻ റീൽസ് കാണുന്നതിനിടെയാണ് രവികുമാർ മകനെ ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കുട്ടിയുടെ മരണവിവരം ഇയാൾ മറച്ചുവച്ചു.

കുമാരസ്വാമി ലേഔട്ട് പരിസരത്ത് സ്‌കൂൾ വിദ്യാർഥിയുടെ ദുരൂഹ മരണത്തെക്കുറിച്ച് പൊലീസിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് ഇയാളുടെ വീട്ടിലെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top