ചെന്നൈ> ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പ്രമേയം പാസാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന പ്രമേയവും പാർട്ടി പാസാക്കി. സംസ്ഥാന സമ്മേളനത്തിന് ശേഷം ഞായറാഴ്ച ചെന്നൈയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ 26 പ്രമേയങ്ങളാണ് പാസാക്കിയത്.
സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് സംസ്ഥാന സമ്മേളന വേദിയിൽ നടൻ വിജയ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഞാനും നീയും എന്നില്ല, നമ്മൾ മാത്രമാണുള്ളത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല. പറയുന്നതിലല്ല, പ്രവർത്തിയിലാണ് കാര്യം. നിങ്ങളിൽ ഒരാളായി നിന്നാണ് ഞാൻ പ്രവർത്തിക്കുക. പണത്തിന് വേണ്ടി രൂപ്പപെടുത്തിയ രാഷ്ട്രീയ പാർടി അല്ല ഇത്. നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിലുടെ നമ്മൾ നേരിടും. രാഷ്ട്രീയത്തിൽ ഞാൻ ഒരു കുട്ടിയാണ്. പക്ഷേ ഒട്ടും പേടിക്കാതെയാണ് ഇവിടെ നിൽക്കുന്നത്. ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർടി പ്രവർത്തിക്കും- വിജയ് പറഞ്ഞു.
2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയതെന്നും താരം പറഞ്ഞു. ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ആഗസ്തിൽ തമിഴക വെട്രി കഴകത്തിന്റെ പാതകയും ഗാനവും അവതരിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..