24 December Tuesday
പ്രതികരിക്കാതെ മോദി

നിയമവഴി ദുഷ്‌കരം ; ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

പ്രത്യേക ലേഖകൻUpdated: Saturday Nov 23, 2024


ന്യൂഡൽഹി
സൗരോർജ കോഴക്കേസിൽ അമേരിക്കൻ കോടതിയിൽനിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ മുന്നിൽ പ്രതിസന്ധികളേറെ. അമേരിക്കൻ നിയമപ്രകാരം, കുറ്റപത്രം വായിച്ചുകേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടിവരും.

വിചാരണ കാലയളവിൽ രാജ്യാന്തര യാത്രാവിലക്കും അമേരിക്കയിലെ ആസ്‌തികളും ഫണ്ട്‌ സമാഹരണവും മരവിപ്പിക്കുന്ന സ്ഥിതിയും ഉണ്ടാകാം. ഇന്ത്യയും അമേരിക്കയും 1997ൽ ഒപ്പിട്ട കരാറിൽ, ഇരു രാജ്യത്തെയും നിയമപ്രകാരം ഒരു വർഷമോ അതിൽ കൂടുതലോ തടവ്‌ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റംചെയ്‌തതായി ആരോപിക്കപ്പെട്ടവരെ പരസ്‌പരം കൈമാറാൻ വ്യവസ്ഥയുണ്ട്‌. അറസ്റ്റും  വിചാരണയും  പിഴശിക്ഷയുമടക്കം നേരിടേണ്ടിവരുന്ന കുറ്റങ്ങളാണ്‌ അദാനിക്കും കൂട്ടർക്കുമെതിരെ ചുമത്തിയത്‌. അദാനിക്കെതിരെ കഴിഞ്ഞമാസമാണ്‌ അറസ്റ്റ്‌ വാറണ്ട്‌  പുറപ്പെടുവിച്ചതെന്ന്‌ റിപ്പോർട്ടുണ്ട്‌. ന്യൂയോർക്ക്‌ (ഈസ്റ്റേൺ ഡിസ്‌ട്രിക്‌റ്റ്‌) അറ്റോർണിയുടെ അപേക്ഷപ്രകാരമാണിത്‌.

കേസിന്റെ സാധുത ചോദ്യംചെയ്‌ത്‌ ഇന്ത്യൻ കോടതികളെ സമീപിക്കാൻ അദാനിക്ക്‌ കഴിയുമെന്ന്‌ നിയമ വിദഗ്‌ധർക്കിടയിൽ അഭിപ്രായമുണ്ട്‌.  വിചാരണ ഇന്ത്യയിലേക്ക്‌ മാറ്റാൻ ഇരുരാജ്യവും ധാരണയിലെത്താനുള്ള സാധ്യതയുമുണ്ട്‌. അതേസമയം, ഇന്ത്യയിൽ കോഴ നൽകിയതിന്‌ അമേരിക്കയിൽ കേസ്‌ നിലനിൽക്കില്ലെന്ന വാദം വിലപ്പോവില്ല.

അമേരിക്കൻ ധനകാര്യ സംവിധാനവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ആ രാജ്യത്തെ നിയമനടപടികൾക്ക്‌ വിധേയരാകണമെന്നാണ്‌ വ്യവസ്ഥ.  നിക്ഷേപകരെ വഞ്ചിക്കുന്നതും സംസ്ഥാനങ്ങളിലെ ഉന്നതർക്ക്‌ കോഴ നൽകുന്നതും ഇന്ത്യയിലും നിയമവിരുദ്ധമാണ്‌.  ഇന്ത്യയിൽ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌.

അദാനിക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും കേന്ദ്രം തയ്യാറാകുമോ എന്നതാണ്‌ ചോദ്യം. അന്വേഷണം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യാന്തരതലത്തിൽ മോദി സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും വിശ്വാസ്യത നഷ്ടമാകും.  പല രാജ്യങ്ങളും അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽനിന്ന്‌ പിന്മാറിത്തുടങ്ങി. അതേസമയം,   ഗൗതം അദാനിക്കും കൂട്ടർക്കും എതിരായി അമേരിക്കൻ നീതിന്യായ വകുപ്പ്‌ എടുത്ത കേസ്‌ ഇന്ത്യ–- അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന്‌ വൈറ്റ്‌ഹൗസ്‌. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്‌ ശക്തമായ അടിത്തറയാണുള്ളതെന്നും നിലവിലെ സംഭവവികാസങ്ങൾ ഇതിൽ വിള്ളൽ വീഴ്‌ത്തില്ലെന്നും വൈറ്റ്‌ഹൗസ്‌ പ്രസ്‌ സെക്രട്ടറി കരയ്‌ൻ ജീൻ പിയർ പ്രതികരിച്ചു. ആഗോള വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങൾ പോലെ ഇതിലും തുടർ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

പ്രതികരിക്കാതെ മോദി
ഗൗതം അദാനിക്കെതിരായി അമേരിക്കൻ കോടതിയിൽ കുറ്റപത്രം നൽകിയ സംഭവത്തിൽ പ്രതികരിക്കാതെ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന അദാനിക്കെതിരെ അമേരിക്കയിൽ നടക്കുന്ന നിയമനടപടികൾ കേന്ദ്രസർക്കാരിനെ കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്‌. സാഗർ അദാനിയെ എഫ്‌ബിഐ സ്‌പെഷ്യൽ ഏജന്റുമാർ ചോദ്യംചെയ്‌ത്‌ ഇലക്‌ട്രോണിക്‌ തെളിവുകൾ പിടിച്ചെടുത്തത്‌ 2023 മാർച്ച്‌ 17നാണ്‌. ഇതൊക്കെ അദാനി ഗ്രൂപ്പ്‌ മറച്ചുവച്ചാലും കേന്ദ്രസർക്കാർ അറിയാതെപോയെന്ന്‌ കരുതാനാവില്ല.

അമേരിക്കയുമായി വിവിധ രംഗങ്ങളിൽ ആഴത്തിലുള്ള സഹകരണമുണ്ടെന്നാണ്‌ മോദി സർക്കാർ അവകാശപ്പെടുന്നത്‌. രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യവസായിക്കെതിരെ അമേരിക്കയിൽ കേസ്‌ രൂപംകൊള്ളുന്നത്‌ മോദിസർക്കാർ അറിഞ്ഞില്ലെങ്കിൽ വൻ വീഴ്‌ചയാണ്‌. അദാനി ഗ്രൂപ്പിനെതിരായി ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ട്‌ വന്നപ്പോൾ അത്‌ ഇന്ത്യൻ സമ്പദ്‌ഘടനയ്‌ക്കെതിരായ ആക്രമണമെന്നാണ്‌ ബിജെപിയും കേന്ദ്രസർക്കാരും വിശേഷിപ്പിച്ചത്‌. അദാനി ഗ്രൂപ്പിനെ സമ്പദ്‌ഘടനയുടെ ഏറ്റവും പ്രധാന ഘടകമായാണ്‌ മോദിസർക്കാർ കാണുന്നതെന്ന്‌ വ്യക്തം. ഇപ്പോൾ അവർക്കെതിരെ  അമേരിക്കയിൽ ഗുരുതര കേസ്‌ വന്നപ്പോൾ മൗനം പാലിക്കുകയാണ്‌ കേന്ദ്രം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top