22 December Sunday

യുഎസില്‍ അറസ്റ്റ് വാറണ്ട് , തെളിവുകൾ ശക്തം ; മോദി സർക്കാരും കുടുങ്ങി

പ്രത്യേക ലേഖകൻUpdated: Friday Nov 22, 2024


ന്യൂഡൽഹി
ഗൗതം അദാനിക്കും കൂട്ടർക്കും എതിരായി അമേരിക്കൻ നീതിന്യായ വകുപ്പ്‌ എടുത്ത കേസ്‌ മോദി സർക്കാരിനും ബിജെപിക്കും ഊരാകുടുക്കായി.  ഹിൻഡൻബർഗ്‌ റിസർച്ചിന്റെ ആരോപണങ്ങളിൽനിന്ന്‌ അദാനിയെ മോദി സർക്കാരും ബിജെപിയും രക്ഷിച്ചത്‌ ആ സ്ഥാപനത്തിന്‌ ഓഹരിവിപണിയിൽ നിക്ഷിപ്‌ത താൽപര്യമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു.  ഇപ്പോഴാകട്ടെ,  സെബിക്ക്‌ സമാനമായ യുഎസ്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമീഷൻ(എസ്‌ഇസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമേരിക്കൻ നീതിന്യായ വകുപ്പ്‌ നടത്തിയ അന്വേഷണത്തിനുശേഷമാണ്‌ അദാനിക്കും മറ്റുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. അറസ്‌റ്റുവാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇതിൽനിന്ന്‌ പിന്തിരിയാൻ  അമേരിക്കൻ സർക്കാരിനുപോലും ഇനി കഴിയില്ല. 

നിക്ഷേപകരെ കബളിപ്പിച്ച കേസിലാണ്‌ നിയമ നടപടി. അമേരിക്കയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വിദേശരാജ്യങ്ങളിലെ അധികൃതർക്ക്‌ കോഴ നൽകിയാൽ കേസ്‌ എടുക്കാൻ വ്യവസ്ഥ ചെയ്യുന്ന എഫ്‌സിപിഎ ലംഘിച്ചുവെന്നതാണ്‌ അദാനിക്കും കൂട്ടർക്കും എതിരായ കുറ്റം.  പ്രതികളെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കാൻ ആവശ്യപ്പെടുന്നപക്ഷം,   തെളിവുകൾ തള്ളിപ്പറയാൻ ശ്രമിച്ചാൽ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാകും. നിയമവാഴ്‌ച നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ തെളിയിക്കേണ്ടത്‌ മോദിസർക്കാരിന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയുടെ വിഷയവുമാണ്‌.

തെളിവുകൾ ശക്തം
ഗൗതം അദാനിക്കും മറ്റ്‌ ഏഴുപേർക്കുമെതിരായി അമേരിക്കൻ നീതിന്യായ വകുപ്പിലെ ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ്‌ അറ്റോർണി ജനറൽ ലിസ എച്ച്‌ മില്ലറാണ്‌ കുറ്റം ചുമത്തിയത്‌. പൊലീസ്‌ സമാഹരിച്ച തെളിവുകൾ പബ്ലിക് പ്രോസിക്യൂട്ടർക്ക്‌ കൈമാറിയതോടെയാണ്‌ നിയമനടപടികൾക്ക്‌ തുടക്കമായത്‌.      ഗുരുതര കുറ്റമെന്ന്‌ പ്രോസികൂട്ടർക്ക്‌ ബോധ്യമായതോടെ വിപുലമായ ജൂറിയെ തെരഞ്ഞെടുത്തു. ന്യൂയോർക്ക്‌ ഫെഡറൽ സർക്കാരിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ട കേസായതിനാൽ വിചാരണയിലേക്ക്‌ കടക്കാൻ വിവിധ മേഖലകളിൽനിന്നുള്ള 23 പേർ ഉൾപ്പെട്ട വിപുലമായ ജൂറി രൂപീകരിച്ചു. കേസിൽ സമാഹരിക്കപ്പെട്ട തെളിവുകൾ വിചാരണയിലേക്ക്‌ നീങ്ങാൻ തക്കവിധം ഗൗരവമുള്ളതാണോയെന്ന്‌ ജൂറി പരിശോധിച്ചു.  അദാനിയുടെ കാര്യത്തിൽ തെളിവുകൾ വിചാരണയ്‌ക്ക്‌ പര്യാപ്‌തമെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ വിപുലമായ ജൂറി കുറ്റം ചുമത്തിയത്‌. വിചാരണക്കോടതി ജഡ്‌ജി കുറ്റാരോപിതരെ ചുമത്തപ്പെട്ട കുറ്റങ്ങൾ അറിയിക്കും. തുടർന്ന്‌ ജാമ്യം നൽകണോ വേണ്ടയോ എന്ന്‌ തീരുമാനിക്കും.

എട്ട്‌ പ്രതികൾ
ഗൗതം അദാനിക്കും അനന്തിരവൻ സാഗർ അദാനിക്കും പുറമെ ആറ്‌ പേരാണ്‌ പ്രതിസ്ഥാനത്തുള്ളത്‌. അദാനി ഗ്രീൻ എനർജി എക്‌സിക്യൂട്ടീവായ വിനീത്‌ ജയിൻ, അസുർ പവർ ഗ്ലോബലിന്റെ മുൻ സിഇഒ രഞ്‌ജിത്ത്‌ ഗുപ്‌ത, മുൻ സ്‌ട്രാറ്റജി ഓഫീസർ രൂപേഷ്‌ അഗർവാൾ, മുൻ ഡയറക്ടർ സിറിൽ കബാൻസ്‌,  കനേഡിയൻ നിക്ഷേപസ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗരഭ്‌ അഗർവാൾ, ദീപക്ക്‌ മൽഹോത്ര എന്നിവരാണ്‌ മറ്റുള്ളവർ.

കേസ് ഒന്നരവര്‍ഷം അദാനി ഒളിച്ചുവച്ചു
ഇന്ത്യയിൽ കോഴ ഇടപാടിലൂടെ സൗരോർജ   കരാർ ഒപ്പിക്കുകയും അമേരിക്കൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച്‌ കോടികളുടെ നിക്ഷേപസമാഹരണം നടത്തുകയും ചെയ്‌ത സംഭവം അമേരിക്ക ഗൗരവത്തിൽ പരിശോധിക്കുന്നെന്ന്‌ 2023ൽ തന്നെ ഗൗതം അദാനി മനസ്സിലാക്കി. എഫ്‌ബിഐയുടെ സ്‌പെഷ്യൽ ഏജന്റുമാർ 2023 മാർച്ച്‌ 17ന്‌ സാഗർ അദാനിയെ വിശദമായി ചോദ്യംചെയ്‌തിരുന്നു. ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും അന്വേഷണ പരിധിയിലാണെന്ന്‌ ഔദ്യോഗികമായി സാഗറിനെ അറിയിക്കുകയും ചെയ്‌തു. അമേരിക്കയിൽ  അന്വേഷണം നടക്കുന്നത്‌ ഒന്നര വർഷത്തോളം അദാനി ഗ്രൂപ്പ്‌ ഇന്ത്യൻ നിക്ഷേപകരിൽനിന്നും ഓഹരി വിപണികളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും മറച്ചുപിടിച്ചു. എഫ്‌ബിഐ അന്വേഷണത്തെക്കുറിച്ച്‌ 2024 മാർച്ചിൽ പുറത്തുവന്ന വാർത്ത ഗ്രൂപ്പ്‌ നിഷേധിച്ചിരുന്നു. ഗൗതം അദാനിക്കും മറ്റുമെതിരായി കുറ്റപത്രം ചുമത്തിയതോടെ കോഴയിടപാടിന്റെ വിശദാംശങ്ങൾ ലോകമറിഞ്ഞു. കോഴയിടപാടിൽ ഗൗതം അദാനി നേരിട്ട്‌ ഉൾപ്പെട്ടുവെന്നാണ്‌ കുറ്റപത്രത്തിലുള്ളത്‌. കോഴയിടപാട്‌ നടത്തിയതിന്‌ പുറമെ നിക്ഷേപകരെയും ധനകാര്യസ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ച്‌ നിക്ഷേപം സമാഹരിക്കൽ, നീതി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും അദാനിക്കും മറ്റുമെതിരായുണ്ട്‌. അമേരിക്കൻ നിക്ഷേപകരുടെ ചെലവിൽ കോഴയിടപാടും തട്ടിപ്പും നടത്തിയതാണ്‌ കൂടുതൽ ഗുരുതര സ്വഭാവത്തിൽ കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുന്നത്‌.

അദാനി 
ഗ്രൂപ്പുമായുള്ള 
പദ്ധതികൾ 
റദ്ദാക്കി കെനിയ
കരാർ നേടിയെടുക്കാൻ കോഴ കൊടുത്തെന്ന  കേസിൽ അമേരിക്കയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ, അദാനി ഗ്രൂപ്പുമായി നടപ്പാക്കാനിരുന്ന പദ്ധതികൾ  കെനിയ റദ്ദാക്കി. നെയ്‌റോബിയിലെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന്‌ നൽകാനുള്ള പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയായിരുന്നു. ജോമോ കെന്യാറ്റ വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ്‌ ഒരു റൺവേ കൂടി പണിയുമെന്നും പാസഞ്ചർ ടെർമിനൽ നവീകരിക്കുമെന്നുമായിരുന്നു ധാരണ. എന്നാൽ, നടപടികൾ റദ്ദാക്കാൻ നിർദേശം നൽകിയതായി കെനിയ പ്രസിഡന്റ്‌ വില്യം റുത്തോ പറഞ്ഞു. പൊതു–- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൈദ്യുതവിതരണശൃംഖല നിർമിക്കാൻ അദാനി ഗ്രൂപ്പുമായി ഏർപ്പെട്ട 30 വർഷ പദ്ധതിയും റദ്ദാക്കും. 73.6 കോടി ഡോളർ ചെലവ്‌ പ്രതീക്ഷിച്ച പദ്ധതിയാണിത്‌. പങ്കാളിത്ത രാഷ്ട്രങ്ങളും അന്വേഷണ ഏജൻസികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും റുത്തോ പറഞ്ഞു.

അടിസ്ഥാനരഹിതം : അദാനി ഗ്രൂപ്പ്‌
അമേരിക്കൻ നീതിന്യായ വകുപ്പും സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമീഷനും അദാനി ഗ്രീൻ ഡയറക്‌ടർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്‌ അദാനി ഗ്രൂപ്പ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഭരണപരമായി ഉയർന്ന നിലവാരവും സുതാര്യതയുമാണ്‌ തങ്ങൾ പുലർത്തുന്നതെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

അദാനി ​ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു
​ഗൗതം അദാനിക്കെതിരെ കൈക്കൂലി കേസിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്ഇസി) അമേരിക്കൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇന്ത്യൻ ഓഹരിവിപണിയെ ഉലച്ചു. അദാനി ​ഗ്രൂപ്പ് ഓഹരികളെല്ലാം വൻ തകർച്ച നേരിട്ടു.   മൂന്നുലക്ഷം കോടി രൂപയാണ് ​​അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപകര്‍ക്ക് നഷ്ടമായത്. നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ് ഓഹരിമൂല്യം 23.44 ശതമാനം താഴ്‍ന്നു. ഓഹരിവില 661.50 രൂപ കുറഞ്ഞ് 2160 രൂപയായി. അദാനി പോർട്ട് 13.23 ശതമാനം (170.60 രൂപ) ഇടിവ് നേരിട്ടു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top