28 December Saturday

അദാനിക്ക് വീണ്ടും തിരിച്ചടി ; മൂഡീസ് 7 കമ്പനികളുടെ റേറ്റിങ് കുറച്ചു , ഓഹരിവിപണിയിൽ കനത്ത നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024


കൊച്ചി
ആ​ഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ​ഗ്രൂപ്പിലെ ഏഴു കമ്പനികളുടെ റേറ്റിങ് വെട്ടിക്കുറച്ചു. "സ്ഥിരതയുള്ളത്' (സ്റ്റേബിൾ) എന്നതിൽനിന്ന്‌ "നെ​ഗറ്റീവി'ലേക്കാണ് താഴ്ത്തിയത്. ​ഗൗതം അദാനിക്കും മരുമകനും അദാനി ഗ്രീൻ എനർജി എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാഗർ അദാനിക്കും ​ഗ്രൂപ്പിന്റെ ആറ് ഉന്നതോദ്യോ​ഗസ്ഥർക്കും എതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്ഇസി) അമേരിക്കൻ കോടതിയിൽ കൈക്കൂലി കേസിൽ കുറ്റപത്രം സമർപ്പിച്ചതാണ് റേറ്റിങ് താഴ്‌ത്താൻ കാരണം. 

സൗരോർജ പദ്ധതികൾക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 2200 കോടി രൂപ കൈക്കൂലി നൽകിയെന്നതാണ്‌ കേസ്. ഇതിൽ നിയമനടപടികൾ തുടരുന്നതിനാൽ നിലവിലെ സാഹചര്യമനുസരിച്ച് സമീപകാലത്ത് റേറ്റിങ് ഉയർത്താൻ സാധ്യതയില്ലെന്നും മൂഡീസ് വ്യക്തമാക്കി. ഇത് ആ​ഗോളതലത്തിൽ പ്രവർത്തനഫണ്ട് കണ്ടെത്തുന്നതിൽ അദാനി ​ഗ്രൂപ്പിന് തിരിച്ചടിയാകും. ഗ്രൂപ്പിന്റെ മൂലധനച്ചെലവും വർധിപ്പിക്കും.

അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ രണ്ട് യൂണിറ്റുകൾ, അദാനി ഇലക്‌ട്രിസിറ്റി മുംബൈ, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ എന്നീ കമ്പനികളുടെ റേറ്റിങ്ങാണ് മൂഡീസ് വെട്ടിക്കുറച്ചത്. ഇതേത്തുടർന്ന് ചൊവ്വാഴ്ച അദാനി ​ഗ്രൂപ്പ് കമ്പനികൾ ഓഹരിവിപണിയിൽ കനത്ത നഷ്ടം നേരിട്ടു. ​അദാനി ​ഗ്രീൻ എനർജി 7.26 ശതമാനവും എന്റർപ്രൈസസ് 4.02 ശതമാനവും എനർജി സൊലൂഷൻസ് 3.89 ശതമാനവും നഷ്ടത്തിലായി. അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ചും കഴിഞ്ഞദിവസം അദാനി കമ്പനികളുടെ റേറ്റിങ് കുറച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top