22 December Sunday
മഹാരാഷ്‌ട്രയിൽ 2019ലെ സർക്കാർ രൂപീകരണ
 ചർച്ചയിൽ അമിത്‌ ഷായ്‌ക്കൊപ്പം അദാനിയും

അദാനി ബിജെപിയുടെ ഇടനിലക്കാരൻ ; ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻUpdated: Wednesday Nov 13, 2024


ന്യൂഡൽഹി
അഞ്ചുവർഷംമുമ്പ്‌ മഹാരാഷ്‌ട്രയിൽ ബിജെപിക്ക്‌ അധികാരം പിടിക്കാൻ ശതകോടീശ്വരൻ ഗൗതം അദാനി ഇടനിലക്കാരന്റെ വേഷത്തിലെത്തിയെന്ന്‌  ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്റെ വെളിപ്പെടുത്തൽ. ന്യൂസ്‌ലോൺഡ്രിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ അദാനി പങ്കെടുത്ത യോഗത്തിന്റെ വിശദാംശം വെളിപ്പെടുത്തിയത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്‌, അദാനി, അവിഭക്ത എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, പ്രഫുൽ പട്ടേൽ  എന്നിവരും താനും യോഗത്തിൽ പങ്കെടുത്തു–-അജിത്‌ പവാർ പറഞ്ഞു.

അതേസമയം, എന്തുകൊണ്ട്‌ ശരദ്‌ പവാർ ബിജെപിക്ക്‌ പിന്തുണ നൽകിയില്ലെന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മനസ്സ്‌ ലോകത്ത്‌ ആർക്കും പ്രവചിക്കാനാവില്ലെന്നായിരുന്നു മറുപടി. ഭാര്യക്കോ മകൾ സുപ്രിയക്കോ പോലും പ്രവചിക്കാനാകില്ല–- ഉപമുഖ്യമന്ത്രി പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌  കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്നാണ്‌ 54 എംഎൽഎമാരുണ്ടായിരുന്ന അവിഭക്ത എൻസിപിയെ ചാക്കിലാക്കാൻ ചർച്ച നടത്തിയത്‌. ദേവേന്ദ്ര ഫഡ്‌നാവിസ്‌ മുഖ്യമന്ത്രിയും അജിത്‌ പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും നീക്കം ശരദ്‌ പവാർ പരാജയപ്പെടുത്തി. തുടർന്ന്‌ ഉദ്ദവ്‌ താക്കറെയെ മുഖ്യമന്ത്രിയാക്കി മഹാവികാസ്‌ അഘാഡി സർക്കാരിനെ അദ്ദേഹം അധികാരത്തിലെത്തിച്ചു. ശിവസേന, എൻസിപി പാർടികളെ പിളർത്തി ബിജെപി വീണ്ടും അധികാരം പിടിച്ചു. ഈ മഹായുതി സർക്കാരാണ്‌ മുടങ്ങിക്കിടന്ന ധാരാവി പുനർവികസന പദ്ധതി അദാനിയെ ഏൽപ്പിച്ചത്‌. മോദി--യും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ ഞെട്ടൽ ഉളവാക്കുന്നില്ലെന്നും ധാർഷ്ട്യത്തിന്റെ പുതിയ ഉദാഹരണമാണിതെന്നും കോൺഗ്രസ്‌ പ്രതികരിച്ചു.

സർക്കാരുകളെ അട്ടിമറിക്കാൻ ഒരു വ്യവസായിയെ എങ്ങനെ ഔദ്യോഗിക ഇടനിലക്കാരനാക്കാൻ കഴിയുമെന്ന്‌ -കോൺഗ്രസ്‌ വക്താവ്‌ പവൻ ഖേര ചോദിച്ചു. അദാനിയുടെ സാന്നിധ്യത്തെ ശിവസേന യുബിടി നേതാവ്‌ പ്രിയങ്ക ചതുർവേദിയും ചോദ്യം ചെയ്‌തു. മഹാരാഷ്ട്രയിൽ എന്തുവിലകൊടുത്തും ബിജെപിയെ അധികാരത്തിലെത്തിക്കാൻ അദാനി ശ്രമിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. അത്തരമൊരു യോഗത്തെക്കുറിച്ച്‌ അറിവില്ലെന്നാണ്‌ ശരദ്‌ പവാറിന്റെ മകൾ സുപ്രിയ സുലെ പ്രതികരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top