24 December Tuesday

അദാനിക്ക്‌ യുഎസ് സമന്‍സ് ; 21 ദിവസത്തിനകം 
 നിലപാട് വിശദീകരിക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


വാഷിങ്‌ടൺ
സൗരോർജ കരാറുകൾ തരപ്പെടുത്താൻ ഇന്ത്യയിൽ 2200 കോടി രൂപ കോഴ നൽകിയെന്ന കേസിൽ അദാനി ഗ്രൂപ്പ്‌ സ്ഥാപകനും സിഇഒയുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമീഷന്റെ സമൻസ്‌. 21 ദിവസത്തിനകം നിലപാട് വിശദീകരിക്കാനാണ്‌ നിർദേശം. അഹമ്മദാബാദിലെ ഇരുവരുടെയും വസതികളിലേക്കാണ്‌ സമൻസ്‌ അയച്ചത്‌.

‘സമൻസ്‌ ലഭിച്ച്‌ 21 ദിവസത്തിനകം, ഒപ്പമുള്ള പരാതിയിന്മേലോ ഫെഡറൽ റൂൾസ്‌ ഓഫ്‌ സിവിൽ പ്രെസീജിയർ പന്ത്രണ്ടാം ചട്ടത്തിന്‌ കീഴിലുള്ള പ്രമേയത്തിന്മേലോ ഉള്ള മറുപടി നൽകണ’മെന്നാണ്‌ നിർദേശിച്ചിരിക്കുന്നത്‌. 21നാണ്‌ ന്യൂയോർക്ക്‌ ഈസ്റ്റേൺ ഡിസ്‌ട്രിക്ട്‌ കോടതി സമൻസ്‌ അയച്ചത്‌. പ്രതികരിച്ചില്ലെങ്കിൽ ഉപേക്ഷയായി പരിഗണിച്ച്‌ വിധി പുറപ്പെടുവിക്കും. ഇരുവരും ഉത്തരമോ പ്രമേയമോ കോടതിയിൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

അദാനിയും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പുനരുപയോഗ സാധ്യതയുള്ള ഊർജ വിഭാഗത്തിന്റെ ഡയറക്ടറായ സാഗറുമടക്കം എട്ടുപേർക്കുമേലാണ്‌ ന്യൂയോർക്ക്‌ കോടതിയിൽ ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചത്‌. 2020നും 2024നും ഇടയിൽ വൻലാഭം ലഭിക്കാവുന്ന സൗരോർജ പദ്ധതികൾ നേടിയെടുക്കാനായി ഇന്ത്യയിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ 2200 കോടി രൂപ കൈക്കൂലി നൽകിയെന്നാണ്‌ കേസ്‌.

ഫെഡറൽ നീതി മന്ത്രാലയം സമർപ്പിച്ച കുറ്റപത്രത്തിന്‌ പുറമേ, അദാനി, സാഗർ, അഷ്വർ  പവർ ഗ്ലോബൽ എക്‌സിക്യൂട്ടിവ്‌ സിറിൽ കബേൻസ്‌ എന്നിവർ അഴിമതി കാട്ടിയതായി യുഎസ്‌ എസ്‌ഇസിയും കുറ്റം ചുമത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top