ന്യൂഡൽഹി
ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി പകുതിയാക്കി ഇന്ത്യൻ റെയിൽവേ. നിലവിൽ യാത്രാദിവസത്തിന് 120 ദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാമായിരുന്നത് ഇപ്പോള്‍ 60 ദിവസമാക്കി ചുരുക്കി. നവംബർ ഒന്ന് മുതൽ പുതിയ രീതി നിലവിൽ വരും. ഇതിനോടകം ബുക്ക് ചെയ്‌ത ടിക്കറ്റുകളെ പുതിയ തീരുമാനം ബാധിക്കില്ല. ബുക്ക് ചെയ്‌തവ റദ്ദാക്കാനും തടസ്സമില്ല.
ഒന്നാം മോദി സർക്കാര്‍ 2015 മാർച്ചിലാണ് 60 ദിവസ ബുക്കിങ് സമയം 120 ദിവസമാക്കിയത്. ഇപ്പോള്‍ മാറ്റം വരുത്തിയതിന്റെ കാരണം റെയിൽവേ വിശദീകരിക്കുന്നില്ല. ബുക്കിങ് സമയം കുറയ്‌ക്കുന്നതിലൂടെ ചില ട്രെയിനുകളിൽ ഫ്‌ളെക്‌സി നിരക്ക് വഴി യാത്രക്കാരെ കൊള്ളയടിച്ച് കൂടുതൽ വരുമാനം നേടാൻ റെയിൽവേക്ക് കഴിയും. ഉദാഹരണമായി രാജധാനി എക്‌സ്‌പ്രസിൽ ഡൽഹി–-തിരുവനന്തപുരം തേർഡ് എസി ടിക്കറ്റ് നിലവിലെ 120 ദിവസപരിധി പ്രകാരം 2025 ഫെബ്രുവരി 12 ന് യാത്രയ്‌ക്കായി ബുക്ക് ചെയ്‌താൽ 4060 രൂപയാണ് നിരക്ക്. എന്നാൽ 60 ദിവസ പരിധി പ്രകാരം ഈ വർഷം ഡിസംബർ 17ന് യാത്രയ്‌ക്കായി ബുക്ക് ചെയ്‌താൽ 4895 രൂപ നൽകേണ്ടതായി വരും. എണ്ണൂറ് രൂപയിലേറെയാണ് ടിക്കറ്റ് നിരക്കിലെ മാറ്റം.
ടിക്കറ്റുകളുടെ കരിഞ്ചന്ത വിൽപ്പന കുറയ്‌ക്കുന്നതിനാണ് ബുക്കിങ് സമയപരിധി കുറച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. അതേസമയം ഫ്ലെക്സി നിരക്ക്, പ്രീമിയം തത്‌കാൽ, വയോജനങ്ങളുടെ നിരക്കിളവ് ഒഴിവാക്കൽ തുടങ്ങിയ തീരുമാനങ്ങളിലൂടെ യാത്രക്കാരെ പിഴിയുന്ന റെയിൽവേയുടെ പുതിയ പരിഷ്കാരത്തിന് പിന്നിലും യാത്രക്കാരെ പിഴിയലാണ് ലക്ഷ്യം. മോദി സർക്കാർ നടപ്പാക്കിയ ഫ്ലെക്സി, പ്രീമിയം തത്‌കാൽ, വയോജനങ്ങളുടെ നിരക്കിളവ് ഒഴിവാക്കൽ തുടങ്ങിയ പിഴിയൽ പരിഷ്‌ക്കാരങ്ങളിലൂടെ 2018 മുതൽ 2023 വരെയുള്ള കാലയളവിൽ റെയില്‍വെ 15000 കോടിയോളം രൂപയുടെ അധികനേട്ടമുണ്ടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..