27 December Friday
2015-ലെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സ്‌കൂൾ 
സർട്ടിഫിക്കറ്റിന്‌ സാധുതയുണ്ട്

ജനനത്തീയതി ; ആധാറല്ല ആധികാരികം ; സ്‌കൂൾ സർട്ടിഫിക്കറ്റെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


ന്യൂഡൽഹി
പൗരന്റെ വയസ്സ്‌ നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്‌കൂൾ സർട്ടിഫിക്കറ്റെന്ന്‌ സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല.സ്‌കൂൾ സർട്ടിഫിക്കറ്റ്‌ പരിഗണിക്കാതെ ആധാർ കാർഡ്‌ അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന്‌ അനുവദിച്ച  നഷ്‌ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ്‌ –-ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ്‌ നടപടി.  2015-ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ  94–--ാം വകുപ്പ് പ്രകാരം സ്‌കൂൾ സർട്ടിഫിക്കറ്റിന്‌  സാധുതയുണ്ടെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

2015 ആഗസ്‌തിൽ ഹരിയാനയിലെ റോത്തക്കിൽ വാഹനാപകടത്തിൽ മരിച്ച സിലക്‌ റാമിന്റെ കുടുംബത്തിന്‌ 2017ൽ ട്രിബ്യൂണൽ 19,35,400 രൂപ നഷ്‌ടപരിഹാരത്തുകയായി വിധിച്ചിരുന്നു. ഇതിനെതിരെ 2023ൽ ഇൻഷൂറൻസ്‌ കമ്പനി പഞ്ചാബ്‌ –-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇത്‌  9,22,336 രൂപയായി വെട്ടിക്കുറച്ചു. സ്‌കൂൾ സർട്ടിഫിക്കറ്റിൽ സിലക്കിന്റെ ജനനത്തിയതി  1970 ഒക്‌ടോബർ ഏഴ്‌ എന്നാണുള്ളത്‌. സിലക്കിന്‌ 45 വയസ്സ്‌ മാത്രമേയുള്ളൂ. എന്നാൽ ആധാർ കാർഡിലെ 1969 ജനുവരി 1 കണക്കാക്കി സിലകിന്‌ 47 വയസ്സുണ്ടെന്ന്‌ കാണിച്ചാണ്‌ നഷ്‌ടപരിഹാരം വെട്ടിക്കുറച്ചത്‌. ഇതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സ്‌കൂൾ സർട്ടിഫിക്കറ്റിലെ വയസ്സ്‌ പ്രകാരം പതിനഞ്ച്‌ ലക്ഷം രൂപയും അപ്പീൽ നൽകിയ ദിവസം മുതൽ എട്ടുശതമാനം പലിശയും കുടുംബത്തിന്‌ നൽകാനാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top