ന്യൂഡൽഹി
ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് കർഷകർക്ക് ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ 2024–-2025 റാബി വിളവെടുപ്പ് കാലത്തേക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മിനിമം താങ്ങുവില തട്ടിപ്പാണെന്ന് അഖിലേന്ത്യ കിസാൻസഭ. കേന്ദ്രനയങ്ങളുടെ ഫലമായി കൃഷിച്ചെലവ് വർധിച്ചപ്പോൾ പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് നഷ്ടമാണ് വരുത്തുക. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം.
മൊത്തം കൃഷിച്ചെലവ് പരിഗണിക്കുന്ന സി–-2 രീതി പ്രകാരം ഗോതമ്പ് ക്വിന്റലിന് 2,478 രൂപ ലഭിക്കേണ്ട സ്ഥാനത്ത് പ്രഖ്യാപിച്ചത് 2,275 രൂപ. കടലയ്‌ക്ക് 6,820നുപകരം 5,440 രൂപയും ബാർളിക്ക് 2421നുപകരം 1850 രൂപയും കടുകിന് 6,102നു പകരം 5,650 രൂപയുമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾ നിർദേശിച്ചതിനെക്കാൾ കുറഞ്ഞ തുകയാണിത്. കേന്ദ്രത്തിന്റെ വഞ്ചനയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു.
ജനങ്ങളെ പട്ടിണിക്കിടുന്നത് മോദിസർക്കാർ
നയങ്ങൾ: സംയുക്ത കിസാൻ മോർച്ച
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111–-ാം സ്ഥാനത്തേക്ക് നിലംപതിക്കാനും തൊഴിലില്ലായ്‌മ പെരുകാനും ഇടയാക്കിയത് കേന്ദ്രസർക്കാർ നയങ്ങളാണെന്ന് സംയുക്ത കിസാൻ മോർച്ച. ഭക്ഷ്യസുരക്ഷ തകരുകയാണ്. വിളകൾക്ക് മൊത്തം കൃഷിച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത തുക മിനിമം താങ്ങുവില കേന്ദ്രം നൽകണം.
ഓരോ വ്യക്തിക്കും ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമടക്കം 14.5 കിലോഗ്രാം റേഷനായി നൽകണം. നിലനിൽപ്പിനുള്ള മിനിമം വേതനം ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം. സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരായി യോജിച്ച പോരാട്ടത്തിന് കർഷകരോടും ഇതര ജനവിഭാഗങ്ങളോടും സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..