23 December Monday

ആരെങ്കിലും ഇതൊന്ന്‌ വാങ്ങൂ... എയർഇന്ത്യ വിറ്റുതുലയ്‌ക്കാൻ വമ്പന്‍ ഇളവുകള്‍ നൽകി മോഡി സർക്കാർ

എം പ്രശാന്ത‌്Updated: Tuesday Jan 28, 2020

ന്യൂഡൽഹി > രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർഇന്ത്യ ഏതുവിധേനയും കോർപറേറ്റുകൾക്ക്‌ വിറ്റുതുലയ്‌ക്കാന്‍ പരമാവധി ഇളവ് പ്രഖ്യാപിച്ച് മോഡി സർക്കാർ. ഇതിനായി കമ്പനിയുടെ  62000 കോടിയോളം വരുന്ന കടബാധ്യതയിൽ 38714 കോടി കേന്ദ്രം ഏറ്റെടുക്കും. വാങ്ങുന്ന കമ്പനിക്ക് ബാധ്യത 23286 കോടി മാത്രമാകും. എയർഇന്ത്യയുടെയും എയർഇന്ത്യ എക്‌സ്‌പ്രസിന്റെയും നൂറുശതമാനം ഓഹരിയും വില്‍ക്കും. സംയുക്ത സംരംഭമായ എയ്‌സാറ്റ്‌സിലെ എയർഇന്ത്യ ഓഹരിയിൽ 50 ശതമാനവും വിൽക്കും.

ആഭ്യന്തരമന്ത്രി അമിത്‌ ഷാ വിളിച്ച കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെട്ട എയർഇന്ത്യ സ്‌പെസിഫിക് ആൾട്ടർനേറ്റീവ്‌ മെക്കാനിസമാണ്‌ (എയ്‌സാം) പുതിയ വിൽപ്പനാ മാനദണ്ഡമിറക്കിയത്. 2018ല്‍ 76 ശതമാനം ഓഹരി വിൽപ്പനയ്‌ക്ക്‌ വച്ചിരുന്നെങ്കിലും ആരുമെത്തിയില്ല. ബാക്കി 24 ശതമാനം ഓഹരിയും ഒരു ബോർഡ്‌ അംഗത്വവും സർക്കാരില്‍ അന്നത്തെ ധാരണ. കടബാധ്യത കുറച്ചതുമില്ല. എന്നാലിപ്പോള്‍ വാങ്ങാന്‍ വരുന്നവര്‍ക്കായി  പരമാവധി ഇളവുകള്‍ നല്‍കി. എയര്‍ ഇന്ത്യ വാങ്ങാന്‍  മാർച്ച്‌ 17 വരെ താൽപ്പര്യപത്രം നല്‍കാം. 3500 കോടിരൂപ കുറഞ്ഞ ആസ്‌തിമൂല്യമുള്ള കമ്പനികൾ വേണം അപേക്ഷിക്കാന്‍.  2018ൽ വിൽപ്പന മാനദണ്ഡപ്രകാരം 5000 കോടി രൂപയായിരുന്നു കുറഞ്ഞ ആസ്‌തിമൂല്യം നിശ്‌ചയിച്ചത്‌.

വാങ്ങുന്ന കമ്പനിക്ക്‌ ‘എയർഇന്ത്യ’ എന്ന ബ്രാൻഡ്‌ നെയിം ഉപയോഗിക്കാം. മറ്റ്‌ ബാധ്യതകളുടെ നല്ലൊരു പങ്കും കേന്ദ്രം ഏറ്റെടുക്കും. കടബാധ്യതകള്‍ എയർഇന്ത്യ അസറ്റ്‌ ഹോൾഡിങ്‌ ലിമിറ്റഡിന്‌ കൈമാറും.

വിൽപ്പനയ്‌ക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി > എയർഇന്ത്യ ഓഹരി വിൽപ്പനയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന്‌ മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. ഇത്‌ ദേശദ്രോഹ നടപടിയാണെന്നും കുടുംബസ്വത്ത്‌ ഈ വിധം വിറ്റഴിക്കാൻ പാടില്ലെന്നും സ്വാമി ട്വിറ്ററിൽ പ്രതികരിച്ചു.

കടം ഏറ്റെടുക്കാമെങ്കില്‍ വില്‍ക്കണോ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി > അറുപതിനായിരം കോടിയിലേറെയുള്ള കടബാധ്യതയുടെ അറുപത്‌ ശതമാനത്തിലേറെ ഏറ്റെടുത്തുകൊണ്ടാണ്‌ കേന്ദ്രം വിൽപ്പനയ്‌ക്ക്‌ ഒരുങ്ങുന്നത്‌. ബാധ്യത ഏറ്റെടുക്കാൻ  ഒരുക്കമാണെങ്കിൽ വിൽപ്പനകൂടാതെ കമ്പനിയെ രക്ഷിക്കാമായിരുന്നില്ലേയെന്ന ചോദ്യം ഉയരുന്നു. കിങ്ഫിഷറും ജെറ്റ്‌ എയർവേസും പൂട്ടിയപ്പോഴും പിടിച്ചുനിന്ന പൊതുമേഖലാ വിമാനക്കമ്പനി എങ്ങനെയും വിറ്റഴിക്കാനാണ്‌ നീക്കം. യുപിഎ–- എൻഡിഎ സർക്കാരുകളുടെ  തീവ്രസ്വകാര്യവൽക്കരണ നയമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ ചിറകൊടിച്ചത്. നഷ്ടത്തിൽ പറക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എയർഇന്ത്യ.

സവിശേഷതകൾ

● എയർഇന്ത്യക്കും എയർഇന്ത്യ എക്‌സ്‌പ്രസിനുമായി 146 വിമാനം. ഇതിൽ 82 വിമാനവും സ്വന്തം.
● 2018–-19 വർഷത്തിൽ എയർഇന്ത്യയിൽ യാത്ര ചെയ്‌തത്‌ 2.62 കോടി പേര്‍
● വിമാനങ്ങളുടെ ശരാശരി പഴക്കം എട്ടുവർഷംമാത്രം. 27 ബോയിങ്‌ 787 വിമാനങ്ങളുടെ പഴക്കം അഞ്ചുവർഷം.
 27 എയർബസ്‌ 320 നിയോ വിമാനങ്ങളുടെ പഴക്കം രണ്ടുവർഷം.
● ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര ട്രാഫിക്കിന്റെ 51 ശതമാനവും എയർ ഇന്ത്യയുടെ കുത്തക.
● 42 വിദേശനഗരങ്ങളടക്കം എയർഇന്ത്യ പറക്കുന്നത്‌ 98 ഇടത്തേക്ക്‌.
● 2018–-19 ൽ എയർഇന്ത്യയുടെ വരുമാനം 30632 കോടി രൂപ. ഇന്ത്യൻ വിമാനക്കമ്പനികളിൽ വരുമാനത്തിൽ മുന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top