22 December Sunday

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ന്യൂഡൽഹി > ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നതിനാൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) 3-ാം ഘട്ടം നാളെ മുതൽ നടപ്പിലാക്കും.  ജിആർഎപി പ്രാബല്യത്തിൽ വരുന്നതോടെ ഖനന പ്രവർത്തനങ്ങളും നിർമ്മാണങ്ങൾ പൊളിക്കുന്നതും താൽക്കാലികമായി നിർത്തിവയ്ക്കും. ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും.

ഡൽഹിയിൽ നാളെ രാവിലെ 8 മണി മുതൽ BS-III പെട്രോൾ, BS-IV ഡീസൽ നാല് ചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ വരുന്നത് നിരോധിച്ചു.  നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം തളിക്കാനും നിർദേശിച്ചിട്ടുണ്ട്.

കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി എയർപ്പോർട്ടിൽ നിന്നുള്ള മുന്നൂറോളം വിമാന സർവീസുകൾ വൈകിയിരുന്നു. ഡൽഹി എയർപ്പോർട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സർവീസാണ് വൈകിയത്. എയർപ്പോർട്ടിലേക്ക് വരുന്ന വിമാനങ്ങൾ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങൾ 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാർ യാത്രാവിവരങ്ങളറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപ്പോർട്ട് അധികൃതർ അറിയിച്ചിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top