19 November Tuesday

വായുമലിനീകരണം കുറവ് തിരുവനന്തപുരത്തും ഗുവാഹത്തിയിലും; ഡൽഹിയിൽ സ്ഥിതി രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ഫോട്ടോ: പി വി സുജിത്‌

ന്യൂഡൽഹി > രാജ്യത്ത്‌ വായുമലിനീകരണം കുറവുള്ള നഗരങ്ങളായി തിരുവനന്തപുരവും ഗുവാഹത്തിയും. ചൊവ്വാഴ്‌ച രാവിലെ ആറ്‌ മണിക്ക്‌ നഗരങ്ങളിലെ മലീനീകരണ തോത്‌ പരിശോധിച്ചപ്പോൾ തിരുവനന്തപുരത്തിന്റേയും ഗുവാഹത്തിയുടേയും ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എക്യുഐ 66,44 എന്നിങ്ങനെയാണ്‌.

അതേസമയം രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ചൊവ്വാഴ്‌ച രാവിലെ ഡൽഹിയിലെ എക്യൂഐ 494 എന്ന നിലയിലാണ്‌. തലസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും എയർ ക്വാളിറ്റി ഇൻഡക്‌സ് 500-ലധികം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിക്ക്‌ പിന്നാലെ യഥാക്രമം 350-ഉം 321-ഉം എക്യൂഐ ഉള്ള പട്‌നയും ലഖ്‌നൗവും ആണ്‌ മലിനീകരണം കൂടുതലുള്ള മറ്റ്‌ നഗരങ്ങൾ.

ഡൽഹിയിൽ വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തി, 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

അടുത്ത കാലത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുന്ന ഡൽഹിയിൽ ശ്വാസമെടുക്കാനാവതെ ജനം. വായുനിലവാര സൂചിക അഞ്ഞൂറ്‌ പിന്നിട്ടു. അതീവ അപകട വിഭാഗമാണിത്‌. ശരാശരി എക്യൂഐ 457 ആണ്‌. അതേസമയം മുണ്ട്‌കയിൽ  919 , ജഹാംഗീർപുരിയിൽ 762, ആനന്ദ് വിഹാറിൽ 624 എന്നിങ്ങനെയാണ്‌ തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്‌.

ഡൽഹി നഗരം മൂടൽമഞ്ഞിലും വിഷപ്പുകയിലും മുങ്ങി. ദൂരക്കാഴ്‌ച പൂജ്യമായതോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂരിലേക്കും ഡെറാഡൂണിലേക്കുമാണ്‌ തിരിച്ചുവിട്ടത്‌.  നിരവധി വിമാനങ്ങൾ വൈകിയെന്ന്‌ അധികൃതർ പറഞ്ഞു.  മലികീകരണം രൂക്ഷമായതോടെ  ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) നാലാംഘട്ടം ഏർപ്പെടുത്തി. അവശ്യ സേവനങ്ങളല്ലാതെയുള്ള ട്രക്കുകൾ നിരോധിച്ചു.  സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളിലെ അമ്പത്‌ ശതമാനം ജീവനക്കാർക്കും വർക്ക്‌ ഫ്രം സൗകര്യം ഏർപ്പെടുത്തി, കുട്ടികൾ, രോഗികൾ ,പ്രായമായവർ എന്നിവർ അത്യാവശ്യ ഘട്ടത്തിലൊഴികെ പുറത്തിറക്കാൻ പാടില്ല തുടങ്ങിയവയാണ്‌ പ്രധാന നിർദേശങ്ങൾ.

ജോലി സമയം ക്രമപ്പെടുത്തി നൽകാൻ ലഫ്‌.ഗവർണർ വി കെ സക്‌സേന ഉത്തരവിട്ടു. അതേസമയം മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ മാത്രമേ പരിഹാരമുളളുവെന്ന്‌ ഡൽഹിമന്ത്രി ഗോപാൽ റായ്‌ ആവർത്തിച്ചു. കേന്ദ്രസർക്കാർ ഇതുവരെയും അനുമതി നൽകിയിട്ടില്ല. ഡൽഹിക്ക്‌ പുറമേ ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളിലും അടുത്ത അഞ്ചുദിവസം കനത്ത മൂടൽ മഞ്ഞുണ്ടാകുമെന്ന്‌ പ്രവചനമുണ്ട്‌.

വായുമലിനീകരണം തടയാൻ കർശനനടപടികൾ വൈകിച്ച സർക്കാരിന്‌ സുപ്രീംകോടതി വിമർശം

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായിട്ടും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകിയതിന്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ വിമർശം.  ഗ്രേഡഡ്‌ റെസ്‌പോൺസ്‌ ആക്ഷൻ പ്ലാൻ (ജിആർഎപി–-4) അനുസരിച്ച്‌ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താമസിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ, ജസ്‌റ്റിസ്‌ അഗസ്‌റ്റിൻജോർജ്‌ മസിഹ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഡൽഹിസർക്കാരിനോട്‌ ചോദിച്ചു.

വരുംദിവസങ്ങളിൽ വായുനിലവാരം മെച്ചപ്പെട്ടാലും ജിആർഎപി–-4 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കോടതി അനുമതി വാങ്ങാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ‘വായു നിലവാര സൂചിക 300നും 400നും ഇടയിലേക്ക്‌ കൂപ്പുകുത്തിയ അപ്പോൾ തന്നെ ജിആർഎപി–-4 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. അത്‌ ഏർപ്പെടുത്താതെ കാര്യങ്ങൾ കൂടുതൽ വഷളാകാൻ എന്തിന്‌ കാത്തിരുന്നു?’–- സുപ്രീംകോടതി ഡൽഹി സർക്കാരിനോട്‌ ചോദിച്ചു.

ഡൽഹിയിൽ തിങ്കളാഴ്‌ച്ച രാവിലെ എട്ട്‌ മുതലാണ്‌ കമീഷൻ ഫോർ എയർ ക്വാളിറ്റി  മാനേജ്‌മെന്റ്‌ (സിഎക്യുഎം) ജിആർഎപി–-4 അനുസരിച്ചുള്ള കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്‌. ഇതനുസരിച്ച്‌ ഡൽഹി, എൻസിആർ മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ പൂർണമായും വിലക്കി. പുറത്ത്‌ നിന്നും വലിയ വാഹനങ്ങൾ ഡൽഹിയിലേക്ക്‌ പ്രവേശിക്കുന്നതും തടഞ്ഞു. എന്നാൽ, സാഹചര്യങ്ങൾ ഇത്രയും വഷളാകുന്നതിന്‌ മുമ്പ്‌ തന്നെ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത്‌ ആയിരുന്നുവെന്നാണ്‌ സുപ്രീംകോടതിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, വരുംദിവസങ്ങളിൽ വായുനിലവാരം 300ന്‌ താഴേക്ക്‌ മെച്ചപ്പെട്ടാലും ജിആർഎപി–-4 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കോടതിയുടെ അനുമതി ഇല്ലാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി ഡൽഹി സർക്കാരിന്‌ നിർദേശം നൽകി.

അടുത്ത വെള്ളിയാഴ്‌ച്ച സുപ്രീംകോടതി വീണ്ടും വിഷയം പരിഗണിക്കും. തിങ്കളാഴ്‌ച്ച ഡൽഹിയിൽ പല മേഖലകളിലും വായുനിലവാരം അതീവഗുരുതരാവസ്ഥയിലേക്ക്‌ മാറിയിരുന്നു. പല നിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക 1300നും 1600നും ഇടയിലേക്ക്‌ കൂപ്പുകുത്തി. ഡൽഹി, എൻസിആർ മേഖലകളിൽ പുകനിറഞ്ഞ മൂടൽമഞ്ഞ്‌ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top