22 December Sunday

ചെന്നൈയില്‍ എയര്‍ ഷോ കാണാനെത്തിയ അഞ്ച് പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ചെന്നൈ> ചെന്നൈ മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ അഞ്ച് പേര്‍ മരിച്ചു. 50 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
വ്യോമ സേനയുടെ 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 വന ജനക്കൂട്ടം എത്തിയിരുന്നു.സൂര്യാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

മറീന ബീച്ചിലെ എയര്‍ഷോ കാണാന്‍ വന്‍തേതിൽ ആളുകൾ എത്തിയതോടെ നിയന്ത്രണങ്ങള്‍ പാളിയിരുന്നു. ബീച്ച് റോഡില്‍ വാഹനഗതാഗതം നിയന്ത്രിക്കുകയും സമീപത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി മെട്രോ, എം.ആര്‍.ടി.എസ്. സര്‍വീസുകളെ ആശ്രയിക്കണമെന്ന ഉപദേശം ജനം സ്വീകരിച്ചെങ്കിലും അതുകൊണ്ടും പ്രശ്‌നംതീര്‍ന്നില്ല. മറീനയിലേക്കുള്ള പ്രവേശനറോഡുകളില്‍ രാവിലെ മുതല്‍ത്തന്നെ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിറഞ്ഞു. നടന്നുനീങ്ങാന്‍പോലുംപറ്റാതെ പലപ്പോഴും ജനം വഴിയില്‍ക്കുടുങ്ങി.

 

വിശാലമായ കടല്‍ത്തീരമുള്ളതുകൊണ്ട് മറീന ബീച്ചില്‍ തിക്കുംതിരക്കുമനുഭവപ്പെട്ടില്ല. എന്നാല്‍, എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാര്‍ഡുകളെയും സുരക്ഷാസംവിധാനമൊരുക്കാന്‍ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

തളര്‍ന്നുവീണവരെ ആശുപത്രിയിലെത്തിക്കാന്‍പോയ ആംബുലന്‍സുകളും വഴിയില്‍ക്കുടുങ്ങി. തളര്‍ന്നുവീണ ഒരാള്‍ ഓമന്തുരാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഞായറാഴ്ച നഗരത്തിന്റെ കനത്തചൂടാണ് അനുഭവപ്പെട്ടത്. ചൂടില്‍ കുടിവെള്ളവിതരണംപോലും ഇല്ലാതിരുന്നതും കാണികളെ വലച്ചു.



റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചന്ദ്, ഹെറിമറ്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ശക്തമായ ചൂടില്‍ കുട ചൂടിയാണ് ആളുകള്‍ അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു.

2023 ഒക്ടോബറില്‍ പ്രയാഗ് രാജിലും 2022ല്‍ ചണ്ഡിഗഡിലുമാണ് വ്യോമസേന എയര്‍ ഷോ നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ എയര്‍ഷോ കാണാനെത്തിയിരുന്നു. ഏകദേശം 15 ലക്ഷം പേരാണ് ബീച്ചില്‍ തടിച്ചുകൂടിയത്. ഡല്‍ഹിക്ക് പുറത്ത് ഇത് മൂന്നാം തവണയും ദക്ഷിണേന്ത്യയില്‍ ആദ്യമായുമാണ് വ്യോമസേന എയര്‍ ഷോ നടത്തുന്നത്.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top