22 December Sunday

രാജീവ്‌ ഗാന്ധിയുടെ വിളിയെത്തി, അർധരാത്രിയിൽ ജോഗി രാജിവച്ചു; സിവിൽ സർവീസിൽനിന്ന്‌ രാഷ്ട്രീയത്തിലേക്ക്‌

എം പ്രശാന്ത‌്Updated: Saturday May 30, 2020


ന്യൂഡൽഹി
സിവിൽ സർവീസിൽനിന്ന്‌ എൺപതുകളിൽ രാജീവ്‌ ഗാന്ധി രാഷ്ട്രീയത്തിലേക്ക്‌ ആനയിച്ചവരിൽ പ്രമുഖനാണ്‌ അജിത്‌ ജോഗി. മഹാസമുന്ദിൽനിന്ന്‌ രണ്ടുവട്ടം ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.1967ൽ സ്വർണ മെഡലോടെ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. 1968ൽ ഐപിഎസും 1970ൽ ഐഎഎസും നേടി. മധ്യപ്രദേശിലെ വിവിധ ജില്ലയിൽ 14 വർഷം കലക്ടറായി.  1985ൽ ഇൻഡോർ കലക്ടറായിരിക്കെ രാത്രിയിൽ ജോഗിക്ക്‌ രാജീവ്‌ ഗാന്ധിയുടെ വിളിയെത്തി. സിവിൽ സർവീസ്‌ രാജിവച്ച്‌ കോൺഗ്രസിൽ ചേരണം. അർധരാത്രിയിൽ ജോഗി  രാജിവച്ചു. ദിഗ്‌വിജയ്‌ സിങ്ങിനൊപ്പം ഭോപാലിലെത്തി കോൺഗ്രസിൽ ചേർന്നു.  മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായ അർജുൻ സിങ്ങുമായി കലക്ടറെന്ന നിലയിൽ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. 1996ൽ രാജ്യസഭാംഗമായി ഡൽഹി രാഷ്ട്രീയത്തിലേക്ക്‌. 2000ൽ ഛത്തീസ്‌ഗഢ്‌ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ മുഖ്യമന്ത്രി.

ഇതിനിടെ പട്ടികവർഗക്കാരനല്ലെന്ന പരാതി ഉയർന്നു. ഹൈക്കോടതി തുടക്കത്തിൽ പരാതി തള്ളി. പിന്നീട്‌ സുപ്രീംകോടതി ഇടപെട്ടു. ജാതിയെച്ചൊല്ലിയുള്ള നിയമയുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. 2003ൽ എൻസിപി ട്രഷറർ‌ കൊല്ലപ്പെട്ട കേസിൽ ജോഗിയും മകൻ അമിത്‌ ജോഗിയും സംശയിക്കപ്പെട്ടു. അമിത്‌ ജോഗി അറസ്റ്റ്‌ ചെയ്യപ്പെട്ടെങ്കിലും പിന്നീട്‌ വിട്ടയച്ചു.  2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസമുന്ദിൽ വി സി ശുക്ലയെ തോൽപ്പിച്ചു. പ്രചാരണത്തിനിടെ വാഹനം മരത്തിലിടിച്ചുണ്ടായ അപകടം ജോഗിയെ വീൽച്ചെയറിലാക്കി. 

കോൺഗ്രസിൽനിന്ന്‌ പുറത്തേക്ക്‌
2014ലെ അന്താഗഢ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ്‌ കോൺഗ്രസിൽനിന്ന്‌ പുറത്തേക്കുള്ള വഴിയൊരുക്കിയത്‌. ജോഗിയുടെ വിശ്വസ്‌തനായിരുന്ന കോൺഗ്രസ്‌ സ്ഥാനാർഥി മന്റുറാം പവാർ അവസാന നിമിഷം പത്രിക പിൻവലിച്ചു. ബിജെപി ജയിച്ചു. ജോഗിയും മകനും ബിജെപിയിൽനിന്ന്‌ പണം വാങ്ങിയതായി പിന്നീട്‌ ഫോൺതെളിവുകൾ പുറത്തുവന്നു. അമിത്‌ ജോഗിയെ കോൺഗ്രസ്‌ പുറത്താക്കി. ജോഗി പിന്നീട്‌ ജനതാ കോൺഗ്രസ്‌ ഛത്തീസ്‌ഗഢ്‌ രൂപീകരിച്ചു. 2018 തെരഞ്ഞെടുപ്പിൽ ബിഎസ്‌പിക്കൊപ്പം സഖ്യംചേർന്ന്‌ മത്സരിച്ചെങ്കിലും അഞ്ച്‌ സീറ്റിൽമാത്രമാണ്‌ ജയിച്ചത്‌. 

ആ ദിനം ദിഗ്‌വിജയ്‌ സിങ്‌ അടികൊണ്ട്‌ വീണു
മധ്യപ്രദേശ്‌ മുഖ്യമന്ത്രി ദിഗ്‌വിജയ്‌ സിങ്‌ കോൺഗ്രസ്‌ അണികളുടെ അടിയേറ്റ്‌ വീണു.  2000 നവംബർ ഒന്നിന്‌ റായ്‌പുരിൽ. മധ്യപ്രദേശിനെ മുറിച്ച്‌ രൂപീകരിച്ച ഛത്തീസ്‌ഗഢിലെ പ്രഥമ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു വേദി. റായ്‌പുരിൽ വിശിഷ്ടാതിഥിയായെത്തിയ‌ ദിഗ്‌വിജയ്‌ സിങ്‌  ചേരിതിരിഞ്ഞ കോൺഗ്രസ്‌ അണികളുടെ അടികൊണ്ട്‌ വീണുപോയി.

സോണിയാ ക്യാമ്പിന്‌ അത്ര പ്രതിപത്തിയില്ലാത്ത മുതിർന്ന നേതാവ്‌ വി സി ശുക്ലയെ തഴഞ്ഞാണ്‌ ജോഗിയെ മുഖ്യമന്ത്രി പദത്തിലേക്കുയർത്തിയത്‌‌. സത്യപ്രതിജ്ഞാ ചടങ്ങ്‌ അലങ്കോലമായി. ഛത്തീസ്‌ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയായി അജിത്‌ ജോഗി സത്യപ്രതിജ്ഞ ചെയ്‌ത ചരിത്രനിമിഷത്തിൽ തലസ്ഥാനമായ റായ്‌പുർ നഗരം ഹർത്താലിനു സമാനമായി പൂർണമായും അടഞ്ഞുകിടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top