ന്യൂഡൽഹി
അജ്‌മീർ ദർഗ ശിവക്ഷേത്രം നിന്ന സ്ഥലത്താണെന്ന് അവകാശപ്പെട്ട് ഹർജി നൽകിയ ഹിന്ദുസേന തലവൻ വിഷ്‌ണു ഗുപ്‌ത സംഘപരിവാരത്തിന്റെ വിഷനാവ്. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ 2017ൽ പാർടി ആസ്ഥാനമായ എകെജി ഭവനിൽ കടന്നുകയറി ആക്രമിച്ചതിലും ഡൽഹി കേരള ഹൗസിൽ ബീഫ് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് സംഘർഷം സൃഷ്‌ടിച്ചതിലും ഇയാൾ അറസ്‌റ്റിലായിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ ആക്രമിച്ച കേസിലും പ്രതിയാണ്.
ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ വിഷ്‌ണു ഗുപ്‌ത സംഘപരിവാർ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവർത്തകനായിരുന്നു. 2011ൽ വിഷ്‌ണു ഗുപ്‌ത ഹിന്ദുസേന സ്ഥാപിച്ചു. വർഗീയവിഷം വമിപ്പിക്കുന്ന ഹർജികളുമായി സ്ഥിരം കോടതികളില്‍ എത്താറുണ്ട്. ജ്ഞാൻവാപി കേസിലെ ഇയാളുടെ ഇടപെടൽ ഹർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതാണ് ബിബിസി ഡോക്യുമെന്ററിയെന്ന് ആരോപിച്ച് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി. അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളി. ഹരിയാനയിലെ നൂഹ് കലാപത്തെ തുടർന്ന് ഡൽഹി ജന്തർ മന്തറിൽ ഹിന്ദുസേന നടത്തിയ മഹാപഞ്ചായത്തിൽ വിദ്വേഷപ്രസംഗങ്ങളുടെ പരമ്പരയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..