ന്യൂഡൽഹി
രാജസ്ഥാനിലെ അജ്‌മീർ ദർഗ നിർമിച്ചത് ശിവക്ഷേത്രം നിലനിന്ന സ്ഥാനത്താണെന്ന ഹിന്ദുസേനയുടെ അവകാശവാദവും കോടതിയിലെ ഹർജിയും സംഘപരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗം. ഉത്തർപ്രദേശിൽ വാരാണസി ജ്ഞാൻവാപി, മഥുര ഷാഹി ഈദ്‌ഗാഹ്, സംഭാൽ മസ്‌ജിദ്, മധ്യപ്രദേശിലെ കമൽ–-മൗല മസ്‌ജിദ് കേസുകൾക്ക് പിന്നാലെയാണ് അജ്‌മീരിലും സംഘപരിവാർ നീക്കം.
സംഘപരിവാർ വിളിച്ച ‘കാശി, മഥുര ബാക്കി ഹേ’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്റെ കാലത്ത് വിപുലീകരിക്കയാണ്. ഡൽഹിയിൽ അടക്കം ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിൽ സംഘപരിവാർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.സെപ്‌തംബറിൽ വാരാണസി, മഥുര കേസുകളും വഖഫ് ഭേദഗതി ബില്ലും ചർച്ച ചെയ്യാൻ വിഎച്ച്‌പി വിളിച്ച യോഗത്തിൽ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളും വിരമിച്ച മുപ്പതോളം ജഡ്‌ജിമാരും പങ്കെടുത്തിരുന്നു. സുപ്രീംകോടതിയിൽനിന്നും ഹൈക്കോടതികളിൽനിന്നും വിരമിച്ച ജഡ്‌ജിമാരാണ് പങ്കെടുത്തത്. ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കൽ, മതംമാറ്റം, ഗോഹത്യ തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്‌തെന്ന് വിഎച്ച്‌പി പ്രസിഡന്റ് അലോക് കുമാർ വ്യക്തമാക്കിയിരുന്നു. മുതിർന്ന വിഎച്ച്‌പി നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതിന്റെ ദൃശ്യം മന്ത്രി മേഘ്‌വാൾ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. ഇതിനു പിന്നാലെയാണ് യോഗത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിഎച്ച്‌പി നേതാവ് വെളിപ്പെടുത്തിയത്. യോഗം പതിവായി ചേരുമെന്നും അറിയിച്ചു.
രാജ്യത്താകെ പല പള്ളികളും മസ്‌ജിദുകളും മുമ്പ് ഹിന്ദു ക്ഷേത്രങ്ങളായിരുന്നെന്ന് സംഘപരിവാർ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതികളിൽ കേസുകൾ എത്തിക്കാനാണ് ശ്രമം. ബിജെപിയോ ആർഎസ്‌എസ്സോ നേരിട്ട് ഹർജി നൽകാതെ സംഘപരിവാർ നിയന്ത്രണത്തിലുള്ള പ്രദേശിക സംഘടനകൾ വഴിയാണ് ഈ തന്ത്രം നടപ്പാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ പദ്ധതി ഊർജിതമായി നീങ്ങുന്നു.
മസ്ജിദുകളില്‍
തുടരുന്ന കര്‍സേവ
ഷാഹി ജുമാ മസ്ജിദ്
ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജുമാ മസ്ജിദ്, ക്ഷേത്രം തകർത്ത് സ്ഥാപിച്ചതാണോയെന്ന് പരിശോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് വെടിവയ്‌പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. സംരക്ഷിത സ്‌മാരകമായ മസ്‌ജിദ് മുമ്പ് ക്ഷേത്രമായിരുന്നെന്ന് വാദിക്കുന്ന സംഘപരിവാറുകാരുടെ ഹർജിയില്‍ സംഭൽ സിവിൽ കോടതിയാണ് സർവേയ്‌ക്ക് ഉത്തരവിട്ടത്.
ജ്ഞാൻവാപി
ജ്ഞാൻവാപി മസ്ജിദ് പരിസരങ്ങളിൽ ശാസ്‌ത്രീയപരിശോധനകൾ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) അനുമതി നൽകണമെന്ന സംഘപരിവാര്‍ അനുകൂലികളുടെ ആവശ്യം അംഗീകരിച്ച് വാരാണസി കോടതി. മസ്ജിദ് നിലവറയിൽ പൂജ നടത്താൻ കോടതി അനുമതി നൽകി.
ഷംസി ജുമാ മസ്ജിദ്
ഉത്തർപ്രദേശിലെ ബദൗണിൽ 800 വർഷം പഴക്കമുള്ള ഷംസി ജുമാ മസ്ജിദ്, ക്ഷേത്രം തകർത്ത് അതിനുമുകളിൽ നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ അഖിൽ ഭാരതീയ ഹിന്ദു മഹാസഭ കോടതിയിൽ ഹർജി നൽകി.
ഉത്തരകാശി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മുസ്ലിം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ അക്രമം. അഞ്ചുപൊലീസുകാരടക്കം 30 പേർക്ക് പരിക്കേറ്റു.
ഹരിദ്വാർ
അനധികൃത നിർമിതിയെന്നാരോപിച്ച് ഹരിദ്വാറിലെ മുസ്ലിം പള്ളി ഇടിച്ചുനിരത്തി. ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമിയുടെ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം 465 മുസ്ലീം പള്ളികൾ ഇടിച്ചുനിരത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഷിംല
ഷിംല സഞ്ജൗലി മസ്‌ജിദിൽ അനധികൃതമായി നിർമാണം എന്നാരോപിച്ച് മൂന്നുനിലകൾ പൊളിച്ചു. ഹിന്ദുസംഘടനകളുടെ പരാതിയിലാണ് ഷിംല മുനിസിപ്പൽ കമീഷണറുടെ
നടപടി.
ബദറുദീൻ ഷാ ദർഗ
600 വർഷം പഴക്കമുള്ള യുപിയിലെ ബദറുദീൻ ഷാ ദർഗ ഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദുവിഭാഗക്കാരായ കക്ഷികൾക്ക് കൈമാറാൻ സിവിൽ കോടതി ഉത്തരവിട്ടു.
ത്രിപുരയിലും
അവകാശവാദം
ദക്ഷിണ ത്രിപുരയിലെ രാജ്‌നഗർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചന്ദ്രപൂർ-ദിമാദലി മേഖലയിലുള്ള മുസ്‌ലിം പള്ളിയിൽ സംഘപരിവാര്‍ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്നു. പള്ളി മുമ്പ് ക്ഷേത്രമായിരുന്നു എന്നാണ് വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..