11 October Friday

ജയപ്രകാശ് നാരായണന്റെ ജന്മദിനത്തിൽ സ്മാരകം സന്ദർശിക്കാൻ വിലക്ക്; നിതീഷ് കുമാർ എന്തുപറയുന്നു എന്ന് അഖിലേഷ് യാദവ്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ഉത്തർപ്രദേശിലെ ജയപ്രകാശ് നാരായണ്‍ ഇന്റർനാഷണല്‍ സെന്ററിൽ (ജെപിഎൻഐസി) ആദരം അർപ്പിക്കാൻ എത്തിയ സമാജ്‌വാദി പാർട്ടി (എസ്‌ പി) അധ്യക്ഷൻ അഖിലേഷ് യാദവിന് പ്രവേശനം നിഷേധിച്ച് യു പി സർക്കാർ. ജെപിഎൻഐസിയുടെ പ്രധാന കവാടം ടിൻ ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചും വൻ പൊലീസ് സന്നാഹം ഒരുക്കിയുമായിരുന്നു നിരോധനം.

സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്റെ ജന്മവാർഷികമായ ഒക്ടോബർ 11 ന് അദ്ദേഹത്തിന് ആദരം അർപ്പിക്കുന്നതിനായി എത്തിയതായിരുന്നു അഖിലേഷ് യാദവ്. പ്രവേശനം നിഷേധിച്ചതോടെ വാഹനത്തിന് മുകളിൽ ഒരുക്കിയ ജെ പി പ്രതിമയിൽ ഹാരാർപ്പണം നടത്തി.

അഖിലേഷ് എത്തുന്നു എന്നറിഞ്ഞ് നേരത്തെ തന്നെ വിലക്കിനുള്ള സന്നാഹങ്ങൾ ഒരുക്കി. പ്രദേശത്ത് എസ് പി പ്രവർത്തകരുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധം അരങ്ങേറി. നിരവധി എസ് പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ കഴിഞ്ഞദിവസം  പ്രദേശം സംഘർഷ ഭീതിയിലായിരുന്നു. ജയപ്രകാശ് നാരായണന്റെ പോസ്റ്ററുകളുമായാണ് എസ്പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.

ജെപിഎൻഐസി പോലുള്ള വികസനപ്രവർത്തനങ്ങള്‍ ഇല്ലാതാക്കി മാഹാന്മാരെ ബിജെപി അപമാനിക്കുന്ന സാഹചര്യമാണ്. ഈ ഏകാധിപതികള്‍ക്കു മുന്നിൽ സോഷ്യലിസ്റ്റുകൾ ഒരിക്കലും തലകുനിക്കില്ല എന്നു പറഞ്ഞ അഖിലേഷ് നിതീഷ് കുമാർ ഈ സാഹചര്യത്തിൽ ബി ജെ പി സഖ്യത്തിനുള്ള പിന്തുണ പിൻവലിക്കുമോ എന്നും ചോദിച്ചു.

സോഷ്യലിസ്റ്റുകാരിൽ പലരും സർക്കാരിലുണ്ട്, സർക്കാരിനെ തുടരാൻ സഹായിക്കുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജയ് പ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്നു, ജയപ്രകാശ് നാരായണന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ സോഷ്യലിസ്റ്റുകളെ അനുവദിക്കാത്ത എൻഡിഎ സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന് പിൻവലിക്കാനുള്ള അവസരമാണിത്,”

"ജയപ്രകാശ് നാരായണ്‍ജിയെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികളോട് ബിജെപിക്കു വിരോധമാണുള്ളത്. രാജ്യത്തിനായി സ്വാതന്ത്ര്യസമരത്തില്‍ തങ്ങളുടെ പാർട്ടിക്ക് പങ്കെടുക്കാനാകാത്തതിന്റെ കുറ്റബോധമാണ് ബിജെപിക്കുള്ളത്. അതിനാല്‍, രാജ്യത്തിനായി പോരാടിയവരുടെ ജന്മവാർഷികത്തില്‍ പോലും ആദരമർപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല," എന്നും അഖിലേഷ് യാദവ് വിമർശിച്ചു.

പ്രവേശനം നിധേഷിച്ചതിന് വിചിത്രമായ കാരണങ്ങൾ

അഖിലേഷിന്റെ സന്ദർശനം തടഞ്ഞതിന് ന്യായീകരണവുമായി ജെപിഎൻഐസി നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. ജെപിഎൻഐസിയില്‍ നിർമാണപ്രവർത്തനങ്ങള്‍ നടക്കുകയാണെന്നും നിർമാണസാമഗ്രികളാണ് പ്രദേശത്ത് മുഴുവനെന്നുമാണ് ഒരു കാരണം.   മാത്രമല്ല മഴ പെയ്തതിനാല്‍ നിരവധി പ്രാണികളുണ്ടെന്ന ന്യായവും നോട്ടിസിലുണ്ട്.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ആവശ്യമായ വ്യക്തിയാണ് അഖിലേഷ് യാദവ്. അതിനാല്‍ അദ്ദേഹം ജെപിഎൻഐസിയിലെത്തുന്നതും പ്രതിമയില്‍ മാലയിട്ട് ആദരിക്കുന്നതും സുരക്ഷിതമായിരിക്കില്ലെന്നും നോട്ടിസില്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷവും അഖിലേഷ് യാദവിനെ ജെ പി സെന്ററിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു. തുടർന്ന് മതിൽ ചാടിക്കടന്നത് വാർത്തയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top