ഹൈദരാബാദ് > ‘പുഷ്‌പ ടു; ദ റൂൾ’ സിനിമയുടെ റിലീസിന്റെ ഭാഗമായി തിക്കിലും തിരക്കിലും പെട്ട് യുവതി മരണമടഞ്ഞ സംഭവത്തിൽ അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി. ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ താരം ഹാജരായത്. അല്ലു അർജുൻ സ്‌റ്റേഷനിലെത്തിയതിന് തുടർന്ന് വൻ ആരാധക വൃന്ദമാണ് പുറത്ത് തടിച്ച് കൂടിയത്. സ്‌റ്റേഷനിൽ പൊലീസ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുമുണ്ട്.
ഡിസംബർ നാല്, ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കിൽ പരിക്ക് പറ്റിയ രേവതിയുടെ മകൻ തേജ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച വിവരം അറിയിച്ചിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നെന്ന് തെലങ്കാന പൊലീസ് നേരത്തെ പറഞ്ഞിരുന്നു. യുവതിയുടെ മരണ വിവരം എസിപി നടന്റെ മാനേജരെ അറിയിക്കുകയും നടനോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതികരണം അനുകൂലമാകാതിരുന്നതോടെ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു അർജുൻ മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്ന് എസിപിയും ഡിസിപിയും ചേർന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..