ഹൈദരാബാദ് > പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച വിവരം അറിയിച്ചിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നെന്ന് തെലങ്കാന പൊലീസ്. അല്ലു അർജുൻ അർദ്ധരാത്രി വരെ സന്ധ്യ തിയറ്ററിൽ തന്നെ തുടർന്നെന്നാണ് സൂചന. നടൻ ഉണ്ടായിരുന്ന തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു.
ഡിസിപിക്കൊപ്പം അല്ലു അർജുൻ പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. യുവതിയുടെ മരണ വിവരം എസിപി നടന്റെ മാനേജരെ അറിയിക്കുകയും നടനോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതികരണം അനുകൂലമാകാതിരുന്നതോടെ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു അർജുൻ മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്ന് എസിപിയും ഡിസിപിയും ചേർന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് പറയുന്നത്.
പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഒരു സംഘം നടന്റെ വീടിന് നേരെ ഐക്രമണം നടത്തിയിരുന്നു. ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..