ന്യൂഡൽഹി
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് വീണ്ടും വിദ്വേഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്‌സി, എസ്‌ടി , ഒബിസി വിഭാഗങ്ങളുടെ സംവരണം മഹാവികാസ് അഘാഡി റദ്ദാക്കുമെന്നും പകരം അത് മുസ്ലിം വിഭാഗത്തിന് നൽകുമെന്നും മൽകാപുരിൽ നടത്തിയ ബിജെപി റാലിയിൽ ഷാ ആരോപിച്ചു. 10 ശതമാനം സംവരണം വേണമെന്ന ഉലമ കൗൺസിൽ പ്രതിനിധികളുടെ ആവശ്യം പിസിസി അധ്യക്ഷൻ നാനാ പടോളെ അംഗീകരിച്ചെന്ന് അമിത് ഷാ ആരോപിച്ചു.
അതേസമയം, ബിജെപിയുടെ ഹിന്ദു–-മുസ്ലിം അജണ്ടയിൽ മഹാവികാസ് അഘാഡി വീഴില്ലെന്നും ഷായുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അത്തരമൊരു സംവരണാവശ്യം താൻ അംഗീകരിച്ചിട്ടില്ലെന്നും പടോളെ പ്രതികരിച്ചു.
പ്രകടനപത്രിക
പുറത്തിറക്കി
അഘാഡിയും
ബിജെപിയും
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാവികാസ് അഘാഡിയും ബിജെപിയും. ‘മഹാരാഷ്‌ട്രനാമ ’ എന്ന പേരിലുള്ള അഘാഡിയുടെ പത്രിക മുംബൈയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പുറത്തിറക്കി. ജാതി സെൻസസ് നടത്തും, സ്‌ത്രീകൾക്ക് മാസം 3000 രൂപ, 18 വയസ് പൂർത്തിയാകുന്ന പെൺകുട്ടികൾക്ക് ഒരുലക്ഷം രൂപ, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ, മൂന്നുലക്ഷംവരെ കാർഷിക കടാശ്വാസം തുടങ്ങിയവയാണ് പ്രധാന വാഗ്‌ദാനങ്ങൾ. അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ ഇവ നടപ്പാക്കുമെന്ന് ഖാർഗെ പറഞ്ഞു.
അതേസമയം, മതപരിവർത്തന നിരോധന നിയമം നടപ്പാക്കുമെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയ ബിജെപി പത്രികയിലെ മുഖ്യവാഗ്‌ദാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..