22 November Friday

സഭയെ തെറ്റിദ്ധരിപ്പിച്ച് അമിത്‌ ഷാ ; രാജ്യസഭാധ്യക്ഷന്‌ കത്തയച്ച് സിപിഐ എം എംപിമാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ന്യൂഡൽഹി
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന്‌ കേരളത്തിന്‌ മുന്നറിയിപ്പ്‌ നൽകിയെന്ന പ്രസ്‌താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത്‌ ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌, എംപിമാരായ വി ശിവദാസൻ, എ എ റഹിം എന്നിവർ രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറിന്‌ കത്തുനൽകി. വിഷയത്തിൽ ഇടപെടണമെന്നും യഥാർഥചിത്രം പാർലമെന്റിന്‌ മുമ്പാകെ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രിക്ക്‌ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ദുരന്തമുണ്ടായ മേഖല ഒരിക്കൽ പോലും റെഡ്‌ അലർട്ട്‌ മുന്നറിയിപ്പ്‌ പരിധിയിൽ വന്നിരുന്നില്ലെന്ന്‌ എംപിമാർ ചൂണ്ടിക്കാട്ടി. 115 മുതൽ 204 എംഎം വരെ മഴയുണ്ടാകാമെന്ന ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുണ്ടായത്‌. എന്നാൽ ഇവിടെ 200 എംഎം മുതൽ 372 എംഎം വരെ മഴയാണ്‌ പെയ്‌തത്‌.

റെഡ്‌ അലർട്ട്‌ നൽകിയത്‌ ദുരന്തമുണ്ടായശേഷം മാത്രം. ജൂലൈ 23 മുതൽ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പോലും പുറപ്പെടുവിച്ചിരുന്നില്ല. ജൂലൈ 29 പകൽ ഒന്നിനാണ്‌ ഓറഞ്ച്‌ അലർട്ട്‌ നൽകിയത്‌. ജൂലൈ 30 ന്‌ രാവിലെ ആറിനാണ്‌ റെഡ്‌ അലർട്ട്‌ നൽകുന്നത്‌. അപ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു. –- എംപിമാർ കത്തിൽ വിശദമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top