ന്യൂഡൽഹി
ഏക സിവിൽകോഡ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെ രണ്ടുദിവസത്തെ ഭരണഘടനാ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു. കോൺഗ്രസിന്റേത് പ്രീണന നയമാണ്. മതാടിസ്ഥാനത്തിൽ സംവരണം കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമം. അതിനായി സംവരണപരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നാണ് പറയുന്നത്. ഒരു എംപി മാത്രമായി ചുരുങ്ങിയാലും ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കും–- ഷാ പറഞ്ഞു.
ചർച്ചയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കഴിഞ്ഞ 10 വർഷം ഭരണഘടനയ്‌ക്ക് നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണങ്ങളോട് പ്രതികരിക്കാൻ അമിത് ഷാ കൂട്ടാക്കിയില്ല. മണിപ്പുർ സംഘർഷം, അദാനി കോഴ, കർഷകപ്രതിഷേധം, വിലക്കയറ്റം, സാമ്പത്തികതകർച്ച തുടങ്ങിയ വിഷയങ്ങളോടും മൗനം പാലിച്ചു.
ആർഎസ്‌എസ് എക്കാലവും ഭരണഘടനയ്‌ക്ക് എതിരായിരുന്നുവെന്ന് സിപിഐ രാജ്യസഭാ നേതാവ് പി സന്തോഷ്‌കുമാർ പറഞ്ഞു.
കമ്യൂണിസ്‌റ്റുകാർ അടക്കമുള്ള ഒട്ടനവധി മഹാരഥൻമാർ ചേർന്നാണ് ഭരണഘടനയ്‌ക്ക് രൂപം നൽകിയത്. ആ ഭരണഘടന വലിച്ചെറിയണമെന്നാണ് ആർഎസ്‌എസ് നിലപാട്–- സന്തോഷ്‌കുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..