22 November Friday

വീണ്ടും വിദ്വേഷ പ്രസംഗം; വിഷംതുപ്പി അമിത്‌ ഷാ

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024

ന്യൂഡൽഹി
ജാർഖണ്ഡിൽ വർഗീയധ്രുവീകരണം തീവ്രമാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കടുത്ത വിദ്വേഷ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയുടെ വർഗീയ പരാമർശങ്ങൾക്ക്‌ പിന്നാലെയാണ്‌ അമിത്‌ഷായും രംഗത്തെത്തിയത്‌. മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ നുഴഞ്ഞുകയറ്റക്കാർക്ക്‌ സംരക്ഷണം നൽകുകയാണെന്നും സ്‌ത്രീകളെ ഉപദ്രവിക്കുന്ന നുഴഞ്ഞുകയറ്റക്കാരെ തലകീഴായി കെട്ടിതൂക്കുമെന്നും ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ്‌ റാലിയിൽ അമിത്‌ ഷാ പറഞ്ഞു.

ഹേമന്ത്‌ സോറന്റെ ഭരണത്തിൽ ജാർഖണ്ഡിലെ ആദിവാസികൾ സുരക്ഷിതരല്ല. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കായാണ്‌ കാണുന്നത്‌. നുഴഞ്ഞുകയറ്റക്കാർ കാരണം ജാർഖണ്ഡിൽ ആദിവാസികളുടെ എണ്ണം കുറയുകയാണ്‌. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതം മാറുകയാണ്‌. നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലേക്ക്‌ വന്ന്‌ പെൺകുട്ടികളെ വശീകരിച്ച്‌ വിവാഹം ചെയ്യുകയാണ്‌. അങ്ങനെ ഭൂമി സ്വന്തമാക്കുന്നു.

ഇത്‌ തടഞ്ഞില്ലെങ്കിൽ ജാർഖണ്ഡിന്റെ സംസ്‌ക്കാരവും തൊഴിലും ഭൂമിയും പെൺകുട്ടികളുമൊന്നും സുരക്ഷിതമാവില്ല. ജാർഖണ്ഡിൽ ബിജെപി സർക്കാർ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ തുരത്തും. പെൺകുട്ടികൾ വഴി തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കും. ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്നും എന്നാൽ ആദിവാസികളെ അതിൽനിന്ന്‌ ഒഴിവാക്കുമെന്നും അമിത്‌ ഷാ പറഞ്ഞു.

        നുഴഞ്ഞുക്കയറ്റക്കാരെ ജെഎംഎം സർക്കാർ സംരക്ഷിക്കുകയാണെന്ന്‌ ഹിമന്ത ബിസ്വ സർമയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നുഴഞ്ഞുകയറ്റം വലിയ വിഷയമായി ഉയർത്തി ധ്രുവീകരണം സൃഷ്ടിക്കാനാണ്‌ ബിജെപിയുടെ ശ്രമം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരനായ ഹിമന്ത ബിസ്വ സർമ തന്നെയാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. ബിജെപി അധികാരത്തിൽ എത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) നടപ്പാക്കുമെന്നാണ്‌ ഹിമന്തയുടെ പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top