27 December Friday

സംവിധായകൻ‌ റാം ​ഗോപാൽ വർമ ഒളിവിൽ; തിരച്ചിൽ ശക്തമാക്കി ആന്ധ്ര പൊലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ഹൈദരാബാദ് > പ്രമുഖ സംവിധായകൻ റാം ഗോപാൽ വർമക്കെതിരെ തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമൻസ് അയച്ചതിന് പിന്നാലെ തിങ്കളാഴ്ച മുതൽ സംവിധായകൻ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെയാണ് അദ്ദേഹത്തെ കണ്ടെത്തനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

നവംബർ 11ന് ഐടി  നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി രണ്ട് തവണ റാം ഗോപാൽ വർമയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ആദ്യ തവണ സിനിമാ ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് നവംബർ 24 വരെ സമയം അനുവദിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റാം ഗോപാൽ വർമ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. ഇതോടെയാണ് സംസ്ഥാനത്തിന് പുറത്തേക്കടക്കം തിരച്ചിൽ വ്യാപിപ്പിക്കാൻ പൊലീസ് നീക്കമാരംഭിച്ചത്.  

ആന്ധ്രപ്രദേശ് പൊലീസിന്റെ രണ്ട് സംഘങ്ങൾ ഹൈദരാബാദിലും ഒരു സം​ഘം തമിഴ്നാട്ടിലുമായാണ് തിരച്ചിൽ നടത്തുന്നത്. റാം ഗോപാൽ വർമയുടെ വീടിനു മുന്നിൽ പൊലീസ് സംഘം നിലയുറപ്പിച്ചതായാണ് വാർത്തകൾ. രണ്ടാമത്തെ സംഘം ഹൈദരാബാദിലെ ഫിലിം നഗറിലും തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ എത്തിയതായി റാം ഗോപാൽ വർമ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ഒരു സംഘം പൊലീസ് ചെന്നൈയിലേക്കും പോയിട്ടുണ്ട്. റാം ഗോപാൽ വർമ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ പൊലീസിന് മുന്നിൽ ഒൺലൈനായി ഹാജരാകാൻ സംവിധായകൻ സന്നദ്ധത പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്ന് അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ ഇതിന് കഴിയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

‘വ്യൂഹം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായായിരുന്നു റാം ഗോപാൽ വർമ സോഷ്യൽ മാഡിയയിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതും മോശം പരാമർശം നടത്തിയതും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ്, മരുമകൾ ബ്രഹ്മണി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.  ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ചിത്രവും ഇത്തരത്തിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തെലുങ്കുദേശം നേതാവ് രാമലിംഗമാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. തെലുങ്കുദേശം നേതാക്കൾക്കെതിരെ നിരന്തരം റാം ഗോപാൽ വർമ വിവാദ പ്രസ്താവനകൾ നടത്താറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top