അമരാവതി > ആന്ധ്രാപ്രദേശിൽ സ്ത്രീക്ക് വന്ന പാഴ്സലിൽ അജ്ഞാതന്റെ മൃതദേഹം. പശ്ചിമ ഗോദാവരി ജില്ലയിലെ യെൻഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് മൃതദേഹം പാഴ്സലായെത്തിയത്. വീട് നിർമാണത്തിനായി ക്ഷത്രിയ സേവാ സമിതി നൽകിയ സഹായമാണെന്നായിരുന്നു പാഴ്സൽ കൊണ്ടുവന്നയാൾ പറഞ്ഞത്.
നേരത്തെ വീട് നിർമിക്കുന്നതിന് ധനസഹായത്തിനായി നാഗ തുളസി ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നു. സമിതി ഇവർക്ക് ടൈൽസ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് കൂടുതൽ സഹായത്തിനായി വീണ്ടും സമിതിയോട് അപേക്ഷിച്ചു. വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പുനൽകിയിരുന്നു. ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകുമെന്ന് അപേക്ഷകന് വാട്‌സ്ആപ്പിൽ സന്ദേശവും ലഭിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് യുവതിയുടെ വീട്ടുപടിക്കൽ ഒരാൾ പെട്ടി എത്തിച്ചത്. അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിക്കുകയും ചെയതു. പാഴ്‌സൽ തുറന്ന് മൃതദേഹം കണ്ടതോടെ കുടുംബാംഗങ്ങൾ പരിഭ്രാന്തരായി പൊലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിനൊപ്പം ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഒരു കത്തും ഉണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും കത്തിലുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആംഭിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് പാഴ്സലായി വന്നത്. മൃതദേഹത്തിന് 4-5 ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്. ചുറ്റുമുള്ള പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായവരെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ച് വരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..