അങ്കോള > ഏറെ മുറവിളികൾക്കുശേഷം സൈന്യമിറങ്ങിയിട്ടും അർജുനും ട്രക്കും കാണാമറയത്ത്. ദേശീയപാത 66ൽ അങ്കോള ഷിരൂരിൽ ചൊവ്വാഴ്ച മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും (30) ട്രക്കും ഗംഗാവലിപ്പുഴയുടെ നടുക്ക് രൂപപ്പെട്ട മൺകൂനക്കടിയിലായോ എന്ന ഭീതിയാണ് ഉയരുന്നത്. രാത്രി ഏഴോടെ ഞായറാഴ്ചത്തെ തിരച്ചിൽ നിർത്തി. തിങ്കൾ രാവിലെ സൈന്യം പുഴയിൽ തിരച്ചിലാരംഭിക്കും.
അർജുനെ കൂടാതെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. നിലവിൽ ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. റോഡിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ട്രക്കിന്റെ റഡാർ സിഗ്നലെന്ന് കരുതിയ ഭാഗത്തെ 90 ശതമാനം മണ്ണും നീക്കിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം ഞായർ വൈകിട്ട് മൂന്നരക്ക് മന്ത്രി ബൈര ഗൗഡയും സ്ഥലം സന്ദർശിച്ചു.
പുഴയിലെ തിരച്ചിലിന് പുണെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ഡി സെർച്ച് ഡിറ്റക്ടർ റഡാർ തിങ്കളാഴ്ച എത്തിക്കും. കരയിലും പുഴയിലും തിരച്ചിൽ നടത്തുന്ന തരം റഡാറാണിത്. കരയിൽ മണ്ണ് നീക്കിത്തീരുംമുമ്പേ നാവിക, കരസേനാംഗങ്ങളും എൻഡിആർഎഫും ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അതിശക്തമായ മഴയെ തുടർന്ന് നാലരയോടെ ഇവർ തിരിച്ചു കയറി.
40 ടൺ ഭാരമുള്ള ഭാരത് ബെൻസ് ട്രക്ക് പുഴയിലേക്ക് വീണിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് ആറുദിവസവും കരയിൽ തിരച്ചിൽ നടത്തിയത്. വ്യാഴം ഉച്ചവരെ നേവി പുഴയിൽ തിരഞ്ഞെങ്കിലും ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അര കിലോമീറ്റർ വീതിയുള്ള പുഴയുടെ മധ്യഭാഗത്ത് മണ്ണ് നിറഞ്ഞ് തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. അതിനടിയിൽ തിരയണമെങ്കിൽ വലിയ സന്നാഹം വേണം. പുഴയ്‌ക്ക് അക്കരെ ഉളുവാർ എന്ന പ്രദേശത്തെ ആറ് വീടും മണ്ണിടിഞ്ഞ് തകർന്നിരുന്നു. അവിടെയുള്ള ഒരാളെയും കാണാതായിട്ടുണ്ട്. എം കെ രാഘവൻ എംപി, എ കെ എം അഷ്റഫ് എംഎൽഎ എന്നിവർ ഞായറാഴ്ച ഷിരൂരിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..