26 December Thursday

കാണാമറയത്ത്‌ പത്താം നാൾ; ക്യാബിനില്‍ അര്‍ജുനുണ്ടാകുമോ?

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ ഇന്നേക്ക്‌ പത്താം നാൾ. ജൂലൈ 16 ന്‌ രാവിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത്‌ 11  പേരെ. അതിൽ തിരിച്ചുകിട്ടിയത്‌ 8 പേരുടെ മൃതദേഹം മാത്രമാണ്‌. അതും കരക്കടിഞ്ഞതിനാൽ മാത്രം കിട്ടിയത്‌.

എൻജിൻ ഭാഗം നഷ്ടപ്പെട്ട ഒരു ടാങ്കർ ലോറിയും കരയ്‌ക്കടിഞ്ഞു. മണ്ണിടിഞ്ഞുണ്ടായ തിരത്തള്ളലിൽ, 500 മീറ്ററോളം അകലമുള്ള പുഴയുടെ അക്കരെ ഭാഗത്തെ ഹനസൂർ എന്ന ഗ്രാമത്തിലെ ഏഴു വീടും തകർന്നു. രണ്ടുപേർ ഒലിച്ചുംപോയി. ഈ ഭീകര കാഴ്‌ചകളും ദുരന്തത്തിന്റെ വ്യാപ്‌തിയും പുറത്തെത്തിച്ചത്‌ അപകടം നടന്ന്‌ നാലാംനാൾ ഷിരൂരിൽ എത്തിയ മലയാള മാധ്യമങ്ങളാണ്‌.

ദുരന്തമുഖത്ത്‌ ആദ്യഘട്ടത്തില്‍ കടുത്ത ഉദാസീന നിലപാടായിരുന്നു കർണാടക സർക്കാരിന്റേത്‌. 18നു വിവരമറിഞ്ഞയുടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരിനെ നിരന്തരം ബന്ധപ്പെട്ടു. അതോടെ, 19നു രാവിലെ തിരച്ചിൽ എന്നപേരിൽ നാല്‌ ജെസിബിയും കുറച്ച്‌ ലോറികളും സ്ഥലത്ത്‌ എത്തിച്ചു. അതിനിടയ്‌ക്ക്‌ ലോറിയുടെ ജിപിഎസ്‌ സിഗ്‌നൽ കിട്ടി.

അർജുന്റെ മൊബൈൽ ഫോൺ പ്രതികരിച്ചു തുടങ്ങിയ വാർത്തകളും മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നു. അതോടെ കേരള മനഃസാക്ഷിയൊന്നാകെ അർജുനായി ശബ്ദിച്ചുതുടങ്ങി. ദുരന്തമുഖത്ത്‌ ഗോൾഡൻ അവർ എന്നൊരു സംഗതിയുണ്ട്‌. അപകടം നടന്ന്‌ ആദ്യത്തെ  സുവർണ നിമിഷങ്ങൾ. പരമാവധി ജീവൻ രക്ഷാപ്രവർത്തനം നടത്താൻ ലഭ്യമായ എല്ലാ വിദഗ്‌ധ സഹായവും എത്തിക്കുക എന്നതാണ്‌ അത്‌. എന്നാൽ അതിലും കർണാടക സര്‍ക്കാര്‍ പരാജയമായിരുന്നു

അർജുനായുള്ള തിരച്ചിലിന്റെ നാൾ വഴികൾ

ജൂലൈ 16 – ഷിരൂരിൽ മണ്ണിടിച്ചിൽ. കോഴിക്കോട്‌ സ്വദേശി അർജുൻ ഓടിച്ച ലോറി കാണാതായി

● ജൂലെ 19 – അർജുന്‌ വേണ്ടിയുള്ള ദൗത്യം കാര്യക്ഷമമല്ലെന്ന്‌ കുടുംബത്തിന്റെ പരാതി. അർജുനെ രക്ഷിക്കാൻ കേരള സർക്കാരും രാഷ്ട്രീയ സംഘടനകളും സമ്മർദ്ദം തുടങ്ങി. എൻഡിആർഫും എസ്‌ഡിആർഎഫും തിരച്ചിൽ തുടർന്നു. നാവിഗസേനയുടെ മുങ്ങൽ വിദഗ് ധരും തിരച്ചിലിന്റെ ഭാഗമായി. ലോറി പുഴയിലില്ലെന്ന്‌ ആദ്യനിഗമനം.

● ജൂലൈ 20 – എൻഐടി സംഘത്തിന്റെ പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച്‌ തിരച്ചിൽ വീണ്ടും തുടങ്ങി. രാവിലെ 11. 25 ന്‌ ജിപിആർ സിഗ്നൽ ലഭിച്ച സ്ഥലത്തുനിന്ന്‌ മണ്ണുമാറ്റി തുടങ്ങി. ലോറി ഉണ്ടെന്ന്‌ കരുതുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞു. സൈന്യവും തിരച്ചിലിനായി വരുമെന്ന്‌ കാർവാർ എസ്‌പി.

● ജൂലൈ 21 – ഭൂരിഭാഗം മണ്ണുമാറ്റിയിട്ടും ലോറി കണ്ടെത്താനായില്ല. ഉച്ചയോടെ സൈന്യം അങ്കോളയിലേക്ക്‌. മുഖ്യമന്ത്രി സിദ്ധരാമയ്യും സംഘവും സ്ഥലം സന്ദർശിച്ചു. കരയിൽ ലോറിയില്ലെന്ന്‌ കർണാടക മന്ത്രി സ്ഥിരീകരിച്ചു.

● ജൂലൈ 22 – പുതിയ സിഗ്നൽ ലഭിച്ച ഭാഗത്തും ലോറിയില്ലെന്ന്‌ കണ്ടെത്തി. പുഴയിൽ വീണ്ടും നേവിയുടെ പരിശോധന.

● ജൂലൈ 23 – സൈന്യവും നേവിയും പുഴയിൽ തിരച്ചിൽ തുടങ്ങി. പുഴയിൽ 40 മീറ്റർ അകലെ ലോഹസാന്നിധ്യം കണ്ടെത്തി. എന്നാൽ ഡീപ്‌ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചിട്ടും തുടക്കത്തിൽ സ്ഥിരീകരിക്കാനായില്ല.

● ജൂലൈ 24 – പുഴയിൽ മാത്രമായി തിരച്ചിൽ. സാനി എസ്കവേറ്റർ ഉപയോഗിച്ച്‌ ഗംഗാവലിയിൽ തിരച്ചിൽ. സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നാവികസേന സ്ഥലം കണ്ടെത്തി. നേവിയുടെ സ്കൂബ സംഘം ലോറിയുടെ അടുത്തേക്ക്‌ പോകാൻ ശ്രമിച്ചെങ്കിലും
 ഗംഗാവലി പുഴയുടെ അടിയൊഴുക്ക്‌ പ്രതികൂലമായി. ലോറി തലകീഴായാണ്‌ കിടക്കുന്നതെന്ന്‌ എസ്‌പി സ്ഥിരീകരിച്ചു.

● ജൂലൈ 25 – അർജുന്റെ ലോറി തന്നെയാണെന്ന്‌ ദൗത്യസംഘം സ്ഥിരീകരിച്ചു. അർജുന്റെ ലോറിയിൽ നിന്ന്‌ വീണ തടി കണ്ടെത്തുന്നു.  വണ്ടിയില്‍ നിന്നും വീണത് തന്നെയാണിതെന്ന് വാഹന ഉടമ മനാഫും സ്ഥിരീകരിച്ചു.


കുടുംബവും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടും സൈന്യം ഇറങ്ങിയത്‌ നാലാംനാൾ കഴിഞ്ഞുമാത്രമാണ്‌. അപ്പോഴേക്കും കേരളത്തിൽനിന്നും നൂറ്റമ്പതോളം രക്ഷാപ്രവർത്തകരും സ്ഥലത്ത്‌ എത്തി. അവർക്ക്‌ അവിടെ കടക്കാൻ പറ്റാത്തവിധം ബാരിക്കേഡ്‌ തീർത്താണ്‌ കർണാടക ചട്ടം പാലിച്ചത്‌.

തർക്കമുണ്ടായപ്പോൾ അർജുന്റെ ട്രക്ക്‌ ഉടമ മനാഫിനെയും രക്ഷാപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി രഞ്ജിത് ഇസ്രായേലിനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം പോലുമുണ്ടായി. കോഴിക്കോട്ടുനിന്ന്‌ എത്തിയ അർജുന്റെ ബന്ധുക്കൾ, ട്രക്കുടമ എന്നിവർ അങ്കോള പൊലീസ്‌ സ്‌റ്റേഷനിൽ 17 മുതൽ കയറിയിറങ്ങുന്നുണ്ട്‌. അങ്ങനെയൊരു ലോറിയേയില്ല എന്ന നിലപാടാണ്‌ പൊലീസ്‌ സ്വീകരിച്ചത്‌. സംഭവത്തിലൊരു എഫ്‌ഐആർ പോലും ഇട്ടത്‌ 19ന്‌ ആണ്‌.

19 മുതൽ തിരച്ചിൽ ആരംഭിച്ചപ്പോഴും, അതും ചട്ടപ്പടിമാത്രം. രാവിലെ ആറരയ്‌ക്ക്‌ തുടങ്ങുമെന്നാണ്‌ അറിയിപ്പുകൾ വരുന്നത്‌. മണ്ണുമാന്തിയന്ത്രവും മറ്റും എത്തി സജീവമായപ്പോഴേക്കും രാവിലെ ഒമ്പതുകഴിഞ്ഞു. രാത്രിയും തിരച്ചിൽ നടത്തുമെന്നാണ്‌ സ്ഥലത്ത്‌ എത്തിയ എം കെ രാഘവൻ എംപി മാധ്യമങ്ങളെ അറിയിച്ചത്‌. എന്നാൽ ഏഴരയോടെ കെട്ടിപ്പൂട്ടി അധികൃതർ മടങ്ങി.

സമയം നോക്കി രക്ഷാപ്രവർത്തനം നടത്തുന്ന രീതിയാണ്‌ ആദ്യഘട്ടത്തിൽ കർണാടക സർക്കാർ കൈകൊണ്ടത്‌.  രണ്ടര മീറ്റർമാത്രം സിഗ്‌നൽ കിട്ടുന്ന ജിപിആർ സംവിധാനമായിരുന്നു അപ്പോൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചത്‌. സൈന്യം എത്തിയ 18നു മുതൽ മാത്രമാണ്‌ അൽപ്പമെങ്കിലും ആധുനികമായ സംവിധാനങ്ങളിലൂടെ രക്ഷാപ്രവർത്തനം പുരോഗമിച്ചത്‌. അർജുനെ കാണാതായി പതിനൊന്നാം നാളിലേക്ക്‌ അടുക്കുമ്പോഴും ക്യാബിനുള്ളിൽ മനുഷ്യ സാന്നിധ്യം ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top