ചെന്നൈ > അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടൂർ സ്വദേശി ജ്ഞാന ശേഖരനാണ്(37) പൊലീസിന്റെ പിടിയിലായത്. വഴിയോരത്ത് ബിരിയാണി വിൽക്കുന്ന ആളാണ് ജ്ഞാന ശേഖരൻ. പ്രതി കുറ്റം സമ്മതിച്ചെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർഥിയാണ് ബലാത്സംഗത്തിനിരയായത്. ബുധനാഴ്ച പുലർച്ചെ ക്യാമ്പസിനുള്ളിൽ വെച്ച് രണ്ട് പേർ പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയും സുഹൃത്തും പള്ളിയിൽ ക്രിസ്മസ് പ്രാർഥനയിൽ പങ്കെടുത്ത ശേഷം ക്യാമ്പസിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് രണ്ട് പുരുഷന്മാർ അവരുടെ അടുത്ത്‌വന്ന് സുഹൃത്തിനെ ആക്രമിച്ച് പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
അക്രമികൾ ക്യാമ്പസിനകത്തുള്ള വിദ്യാർഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം കോട്ടൂർപുരം പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..