മുംബൈ > ഗുജറാത്തിൽ ഗാന്ധിജിക്ക് പകരം അനുപം ഖേറിന്റെ ഫോട്ടോ പതിച്ച കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രംഗത്ത്. 'ഇവിടെ എന്തും സംഭവിക്കാം' എന്നാണ് കള്ളനോട്ടുകളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് അനുപം ഖേർ പ്രതികരിച്ചത്. 500 രൂപ നോട്ടുകളിലാണ് ഗാന്ധിജിക്ക് പകരം അനുപം ഖേറിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ആർഎസ്എസ് ഭരണമായതുകൊണ്ട് ഇവിടെ എന്തു സംഭവിക്കാം എന്നാണ് നടന്റെ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത്.
അഹമ്മദാബാദ് പൊലീസാണ് 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടിയത്. നോട്ടുകളിൽ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'റിസോൾ ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തില്‍ അജ്ഞാതർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു.
നേരത്തെ, ഗുജറാത്തിലെ സൂറത്തിൽ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യാജ കറൻസി നിർമ്മാണ യൂണിറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ സെപ്തംബർ 22 ന് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
കള്ളനോട്ടുകൾ ഉപയോഗിച്ച് സമ്പന്നനാകുന്ന, ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ നോട്ടുകൾ അച്ചടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന കെട്ടിടത്തിൽ ഓഫീസ് വാടകയ്‌ക്കെടുത്ത പ്രതികൾ പരിസരത്ത് വ്യാജ കറൻസി അച്ചടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..