26 December Thursday

നിയമ നടപടിക്കൊരുങ്ങി എ ആർ റഹ്മാൻ; വ്യാജ ഉള്ളടക്കങ്ങൾ നീക്കാൻ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ചൈന്നൈ > തനിക്കെതിരായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് സംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്ന വക്കീൽ നോട്ടീസ് എ ആർ റഹ്മാൻ തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന വാർത്ത റഹ്മാനും ഭാര്യ സൈറാബാനുവും പുറത്തുവിട്ടത്. അതേദിവസം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയാകുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇതുരണ്ടും കൂട്ടിക്കെട്ടി ചില വാർത്താമാധ്യമങ്ങളും ‌സോഷ്യൽമീഡിയ അക്കൗണ്ടുകളും കഥകൾ മെനഞ്ഞത്. ഈ വർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടും അപവാദ പ്രചരണങ്ങൾ തുടർന്നു. ഇതിന് പിന്നാലെയാണ് എ ആർ റഹ്മാൻ ഇപ്പോൾ വക്കീൽ നോട്ടീസുമായി രം​ഗത്തെത്തിയിരിക്കുന്നത്.

റഹ്മാന്റെ ജീവിതത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ അപവാദകഥകളും ഇന്റർവ്യൂകളും പ്രചരിപ്പിച്ചവർ 24 മണിക്കൂറിനകം അത് നീക്കം ചെയ്യണമെന്ന് നർമദ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കറ്റ്സ് തയ്യാറാക്കിയിരിക്കുന്ന വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. തന്റെ പ്രശസ്തിയെയും കുടുംബത്തെയും ബാധിക്കുന്ന തരത്തിലുള്ള അശ്ലീല കഥകളിലും അഭിമുഖങ്ങളിലും സത്യത്തിന്റെ കണികപോലുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദേശിച്ചിട്ടുണ്ട്. ഹ്രസ്വകാല പബ്ലിസിറ്റിക്ക് വേണ്ടി റഹ്മാനെ അപകീർത്തിപ്പെടുത്താനായി ചിലർ വിലകുറഞ്ഞതും സാങ്കൽപ്പികവും തെറ്റായതുമായ കഥകൾ മെനഞ്ഞെടുക്കുകയാണെന്നും ഇത് നീക്കം ചെയ്യാത്തപക്ഷം ഭാരതീയ ന്യായസംഹിതയിലെ 356ാം വകുപ്പ് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top