22 December Sunday

കെജ്‌രിവാളിനെതിരെ വീണ്ടും നീക്കം: വിചാരണ ചെയ്യാന്‍ അനുമതി

പ്രത്യേക ലേഖകൻUpdated: Sunday Dec 22, 2024

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകൾമാത്രം ശേഷിക്കെ ഡൽഹി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ അനുമതി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ(ഇഡി) അപേക്ഷയിൽ ഡൽഹി ലഫ്‌. ഗവർണർ വി കെ സക്‌സേനയാണ്‌ അനുമതി നൽകിയത്‌. തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ നിൽക്കെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ ധൃതിപിടിച്ചുള്ള നീക്കമെന്ന്‌ എഎപി പ്രതികരിച്ചു.

  മദ്യനയത്തിന്റെ പേരിൽ ഇഡിയും സിബിഐയും എടുത്ത കേസുകളിൽ അറസ്‌റ്റിലായ കെജ്‌രിവാളിന്‌ സുപ്രീംകോടതി ജാമ്യം നൽകിയിട്ടുണ്ട്‌. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇഡിക്ക്‌ പൊതുപ്രവർത്തകരെ സർക്കാരിന്റെ അനുമതിയില്ലാതെ വിചാരണ ചെയ്യാനാകില്ലെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ നവംബർ ആറിന്‌ വിധിച്ചിരുന്നു.  

പൊതുപ്രവർത്തകർക്കെതിരെ കുറ്റപത്രം നൽകാൻ സിബിഐയ്‌ക്കും സംസ്ഥാന പൊലീസ് സേനകൾക്കും സർക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും ഇഡിക്ക്‌ ഇത്‌ ബാധകമല്ലായിരുന്നു. ഈ പ്രത്യേക അധികാരം ഇല്ലാതായതോടെ കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ അനുമതി തേടി ഇക്കഴിഞ്ഞ അഞ്ചിന്‌  ഇഡി  ലഫ്‌. ഗവർണർക്ക്‌ കത്ത്‌ നൽകിയിരുന്നു. ഇഡി, സിബിഐ എഫ്‌ഐആറുകളിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല.

   അതേസമയം, കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി ലഭിച്ചതിന്റെ രേഖ ഇഡി വെളിപ്പെടുത്തണമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അതിഷി ആവശ്യപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന്‌ അതിഷി ‘എക്‌സ്‌’ കുറിപ്പിൽ ആരോപിച്ചു.
എഎപി സർക്കാർ കൊണ്ടുവന്ന മദ്യനയത്തിൽ  100 കോടി രൂപയുടെ അഴിമതി ആരോപിച്ച്‌ സിബിഐ എടുത്ത കേസിനെ തുടർന്നാണ്‌ ഇഡിയും എഎപി നേതാക്കൾക്കെതിരെ നീങ്ങിയത്‌. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, രാജ്യസഭാംഗം സഞ്‌ജയ്‌ സിങ്‌ തുടങ്ങിയവരെയും അറസ്‌റ്റ്‌ ചെയ്‌തു. ഇവർക്കും ജാമ്യം ലഭിച്ചു.

   ഇക്കഴിഞ്ഞ മാർച്ച്‌ 21ന്‌  ഇഡി അറസ്‌റ്റുചെയ്‌ത കെജ്‌രിവാളിന്‌ ജാമ്യം ലഭിക്കുമെന്നായപ്പോൾ ജൂണിൽ  സിബിഐയുടെ കേസിലും അദ്ദേഹത്തിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ സുപ്രീംകോടതി  മൂന്നാഴ്‌ച ഇടക്കാല ജാമ്യം നൽകി. സെപ്‌തംബർ 13ന്‌ സ്ഥിരം ജാമ്യം ലഭിച്ചശേഷമാണ്‌ കെജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top