08 September Sunday

തിരച്ചില്‍ ഡ്രൈവര്‍ കാബിനിലേയ്ക്ക്: അര്‍ജുനെ തേടി പത്താം നാള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള> ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പത്താം ദിവസത്തിലേക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയ ലോറിയുടെ ഡ്രൈവര്‍ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും തിരച്ചിലില്‍ ഇന്ന് പ്രഥമ പരിഗണന. ട്രക്ക് ഉയര്‍ത്താനും അര്‍ജുനെ കണ്ടെത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച നടക്കും. മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍  രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

മണ്ണിടിഞ്ഞ ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍, ചായക്കടയുണ്ടായിരുന്ന സ്ഥലത്തിന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയില്‍ തലകീഴായാണ് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയത്. പുഴയില്‍ ഭാരത് ബെന്‍സിന്റെ ട്രക്കുണ്ടെന്നും അത് അര്‍ജുന്റേത് തന്നെയാണെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പുഴയില്‍ ട്രക്കുള്ളതായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും കാര്‍വാര്‍ പൊലീസും സ്ഥിരീകരിച്ചു. ട്രക്ക് കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തിയതായി ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മിപ്രിയയും പറഞ്ഞു.

  മൂന്നരയോടെ സ്ഥലം തിരിച്ചറിഞ്ഞെങ്കിലും കടുത്ത മഴയും കാറ്റും തിരച്ചിലിന് തടസമായി. ട്രക്കിനെ ഉറപ്പിച്ചുനിര്‍ത്താന്‍ നാവികസേന മുങ്ങല്‍ വിദഗ്ധര്‍ ശ്രമിച്ചെങ്കിലും കുത്തൊഴുക്കായതിനാല്‍ ഇറങ്ങാനായില്ല. കരയില്‍ ഉച്ചയോടെ എത്തിച്ച മണ്ണുമാന്തിയന്ത്രം ചെളി നീക്കിത്തുടങ്ങിയിരുന്നു. മഴ കനത്തതിനാല്‍ രാത്രി ഏഴോടെ മടങ്ങി. സമാനമായ മറ്റൊരു മണ്ണുമാന്തിയന്ത്രവും എത്തിക്കുമെന്ന്  സതീഷ് സെയില്‍ എംഎല്‍എ അറിയിച്ചു.  


  മണ്ണിടിഞ്ഞ് പുഴയുടെ നടുവില്‍ രൂപപ്പെട്ട മണ്‍കൂനയ്ക്കും കരയ്ക്കും ഇടയിലാണ് ട്രക്കുള്ളത്. വ്യാഴാഴ്ച രാവിലെ ട്രക്ക് ഉയര്‍ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ നാവികസേന തയ്യറാക്കും. അനുകൂല കാലവസ്ഥയല്ലെങ്കില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ളവയും ആലോചിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്ന് വിദഗ്ധരും ഉപകരണങ്ങളും പുലര്‍ച്ചെ എത്തും. വിമാനത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ കയറ്റാന്‍ പറ്റാത്ത റഡാര്‍ അടക്കമുള്ള ഉപകരണങ്ങള്‍ രാജധാനി എക്സ്പ്രസിലാണ് എത്തിക്കുക.

ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. മാധ്യമങ്ങള്‍ക്കും കാമറകള്‍ക്കും കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി.16ന് രാവിലെയായിരുന്നു അപകടം. അര്‍ജുനെയും രണ്ട് കര്‍ണാടക സ്വദേശികളെയുമാണ്  കണ്ടെത്താനുള്ളത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top