മുംബൈ> ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ മാറ്റമുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീർ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിലെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.
ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്നാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത്‌ഷാ പറഞ്ഞത്. “സോണിയ-–-മൻമോഹൻ ഭരണത്തിന്റെ 10 വർഷങ്ങളിൽ തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമായി വന്ന് ഇവിടെ ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്നുവെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ മറ്റൊരു റാലിയിൽ അമിത് ഷാ സമാനമായ പരാമർശം നടത്തിയിരുന്നു.“രാഹുൽ ഗാന്ധിയുടെ നാലാം തലമുറയ്ക്ക് പോലും കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയില്ല”.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 'പാകിസ്ഥാന്റെ ഭാഷ' സംസാരിക്കുകയാണെന്ന് പൂനെയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..