22 November Friday

കെജ്‌രിവാൾ
 രാജിവയ്‌ക്കും ; എഎപി എംഎൽഎമാരുടെ യോഗത്തിൽ 
 പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും

എം അഖിൽUpdated: Tuesday Sep 17, 2024


ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ചൊവ്വാഴ്‌ച രാജിവച്ചേക്കും. പകൽ 4.30ന്‌ ലെഫ്‌.ഗവർണർ വി കെ സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത്‌ കൈമാറാനാണ്‌ നീക്കം. പകൽ 11.30ന്‌ എഎപി എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്‌. ഞായറാഴ്‌ചയാണ്‌ മുഖ്യമന്ത്രി പദം ഒഴിയുമെന്ന്‌ കെജ്‌രിവാൾ പ്രഖ്യാപിച്ചത്‌.

‘രണ്ടുദിവസങ്ങൾക്കുശേഷം ഞാൻ മുഖ്യമന്ത്രി പദവി രാജിവയ്‌ക്കും. ഡൽഹിയിൽ മാസങ്ങൾക്കുശേഷം പുതിയ തെരഞ്ഞെടുപ്പ്‌ നടക്കും. കോടതിയിൽനിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയിൽനിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാൻ ഇനി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ’–- കെജ്‌രിവാൾ ഞായറാഴ്‌ച എഎപി പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന്‌ രണ്ടുദിവസം മുമ്പാണ്‌ കെജ്‌രിവാൾ ജയിൽമോചിതനായത്‌. നവംബറിൽ മഹാരാഷ്ട്രയ്‌ക്ക്‌ ഒപ്പം ഡൽഹിയിലും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ എഎപിയുടെ ആവശ്യം. 2025 ഫെബ്രുവരി 11 വരെ മന്ത്രിസഭയുടെ കാലാവധിയുള്ളപ്പോൾ എന്തിനാണ്‌ നേരത്തെ  തെരഞ്ഞെടുപ്പ്‌ നടത്തുന്നതെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ  വൃത്തങ്ങൾ ചോദിക്കുന്നത്‌. അതോടെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ശക്തമായി. മുൻ ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മന്ത്രിമാരായ അതിഷി മാർലേന, സൗരഭ്‌ ഭരദ്വാജ്‌, കൈലാഷ്‌ ഗെലോട്ട്‌, ഗോപാൽറായ്‌, രാജ്യസഭാ എംപിമാരായ രാഘവ്‌ച്ഛദ്ദ, സഞ്‌ജയ്‌സിങ്ങ്‌ തുടങ്ങിയവരുടെ പേരാണ്‌ മുന്നിലുള്ളത്‌.

കെജ്‌രിവാളിന്റെ അപ്രതീക്ഷിതമായ രാജിപ്രഖ്യാപനത്തെ പറ്റി രാഷ്‌ട്രീയരംഗത്ത്‌ ചൂടുപിടിച്ച ചർച്ച ആരംഭിച്ചു. കേസ്‌ കാരണം മോശമായ തന്റെയും പാർടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മുഖംമിനുക്കൽ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്‌.  എന്നാൽ, ഡൽഹിയിൽ കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള ആലോചന മുൻകൂട്ടി മനസ്സിലാക്കിയുള്ള നീക്കമാണിതെന്നാണ്‌ പ്രധാന വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top