ഫരീദാബാദ്
ഹരിയാനയിലെ ബിജെപി സർക്കാരും പൊലീസും തന്റെ മകനെ വെടിവച്ചു കൊന്നവർക്കൊപ്പമാണെന്ന് ഗോരക്ഷാക്രിമിനലുകൾ കൊലപ്പെടുത്തിയ പത്തൊമ്പതുകാരൻ ആര്യൻ മിശ്രയുടെ അച്ഛൻ സിയാനന്ദ് മിശ്ര. ഫരീദാബാദിലെ രണ്ടുമുറിയുള്ള വാടകവീട്ടിലേക്ക് സാന്ത്വനവുമായി എത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മുന്നിലാണ് അച്ഛൻ മനസ്സ് തുറന്നത്.
വ്യാഴം പകൽ രണ്ടോടെയാണ് ബൃന്ദ വീട്ടിലെത്തിയത്. ആര്യന്റെ ചിത്രത്തിന് താഴെയിരുന്ന് സഹോദരൻ ആദർശാണ് തങ്ങൾക്ക് നേരിട്ട ദുരന്തത്തിന്റെ വ്യാപ്‌തി ആദ്യം ബൃന്ദയോട് വിശദീകരിച്ചത്. അമ്മ ഉമയ്‌ക്ക് ഇനിയും കണ്ണീർ തോർന്നിട്ടില്ല. ബൃന്ദയുടെ സ്‌നേഹാലിംഗനത്തിൽ അവർ പൊട്ടിക്കരഞ്ഞു.
മകന് നീതി വാങ്ങിത്തരണമെന്ന് സിയാനന്ദ് മിശ്ര ബൃന്ദയോട് പറഞ്ഞു. ഹരിയാന സർക്കാർ മകന് നീതിനൽകുമെന്ന് പ്രതീക്ഷയില്ല. സമൂഹവും പ്രതികൾക്കൊപ്പമാണ്. ഞങ്ങൾ ഒറ്റയ്‌ക്കായി. പശുവിന്റെ പേരിൽ ഹിന്ദു–-മുസ്ലീം വൈരം വളർത്തുന്നത് എന്തിനാണ്. ആര്യൻ ഹിന്ദുവായിരുന്നു. അയോധ്യയിലേക്ക് അവൻ നടന്നുപോയിട്ടുണ്ട്. ഡൽഹി ജുമാമസ്‌ജിദിലെ ഈദ് വിരുന്നിൽ മുസ്ലീം സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. അവർ കൊടുത്തുവിട്ട ഈന്തപ്പഴവും കശുവണ്ടിയും വീട്ടിൽകൊണ്ടുവരും. ഞാനും മുസ്ലീം ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കെടുത്തിട്ടുണ്ട്. പശുവിന്റെ പേരിൽ മനുഷ്യനെ കൊന്നുതള്ളുന്ന ക്രൂരതയ്‌ക്ക് അറുതിവേണം. ആരാണ് ഗോരക്ഷകർക്ക് ആളുകളെ കൊല്ലാൻ സ്വാതന്ത്ര്യം നൽകിയത്. ആര്യൻ മുസ്‌ലീമാണെന്ന് കരുതിയെന്നും ബ്രാഹ്മണനായിരുന്നുവെന്ന് അറിഞ്ഞില്ലെന്നും മുഖ്യപ്രതി അനിൽ കൗശിക് തന്നോട് പറഞ്ഞു. അതിനർഥം മുസ്ലീങ്ങളെ കൊല്ലാമെന്നാണോ? അവർ നമ്മുടെ സഹോദരന്മാരല്ലേ?–-അദ്ദേഹം ചോദിച്ചു.
പ്രതി നല്ല മനുഷ്യനാണെന്നും തെറ്റുപറ്റിയതാണെന്നുമാണ് പൊലീസ് തന്നോടു പറഞ്ഞതെന്നും ബൃന്ദയ്‌ക്ക് മുന്നിൽ സിയാനന്ദ് വെളിപ്പെടുത്തി. സംശയങ്ങൾ ചോദിച്ചപ്പോൾ മിണ്ടാതിരിക്കാനാണ് പൊലീസ് പറഞ്ഞത്. കാറിന്റെ പിൻസീറ്റിലിരുന്ന മകന് മാത്രം രണ്ടുതവണ വെടിയേറ്റതെങ്ങനെയെന്ന് ചോദിച്ചപ്പോൾ ആർക്കും ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനം പൂർത്തിയാക്കി ബൃന്ദ മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ സിയാനന്ദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയറ്റംഗം രാജീവ് കൻവർ, ഫരീദാബാദിലെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ശിവ് പ്രസാദ്, വിജയ്കുമാർ ഝാ, കെ ഡി മിശ്ര, സിഐടിയു ജില്ലാ സെക്രട്ടറി വീരേന്ദ്രസിങ് എന്നിവരും ബൃന്ദയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..