ന്യൂഡൽഹി
ഡൽഹി മെഹ്‌റോളിയിലെ ആഷിഖ് അള്ളാഹ് ദർഗ, ബാബാ ഫരീദ് ധ്യാനസ്ഥലം എന്നിവിടങ്ങളിലെ സർവേ പൂർത്തിയായെന്നും റിപ്പോർട്ട് ഒരാഴ്‌ചക്കകം സമർപ്പിക്കുമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സുപ്രീംകോടതിയെ അറിയിച്ചു. മെഹ്‌റോളി പുരാവസ്‌തു പാർക്കിനുള്ളിലെ പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച മതപരമായ രണ്ടു നിർമിതികളുടെയും സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു സർവേ.
നിർമിതി സംരക്ഷിക്കാൻ നിർദേശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് സമീർ അഹമ്മദ് ജുംലാന എന്നയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈയിൽ എഎസ്ഐ, ദേശീയ സ്‌മാരക അതോറിറ്റി എന്നിവയെ സുപ്രീംകോടതി കക്ഷി ചേർത്ത് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന അഡീ. സോളിസിറ്റർ ജനറൽ കെ എം നടരാജ് പറഞ്ഞത് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് കേസ് 2025 ഫെബ്രുവരി 24-ലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..