ന്യൂഡൽഹി> ജമ്മു-കശ്മീരിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം തുടർച്ചയായി ലീഡ് നിലനിർത്തി ഭരണത്തിലേക്ക്. നാഷണൽ കോൺഫറൻസ് വ്യക്തമായ മുന്നേറ്റമാണ് ജമ്മു കശ്മീരിലുണ്ടാക്കിയത്.
വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ പ്രതീക്ഷയിലായിരുന്ന കോൺഗ്രസ് ലീഡ് തിരിച്ചു പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പി വ്യക്തമായ ലീഡ് നിലനിർത്തുന്നു.
ജമ്മു-കശ്മീരില്‍ ഇന്ത്യ സഖ്യത്തിന് ജനവിധി അനുകൂലമായി എങ്കിലും വെല്ലുവിളി തുടരും. വോട്ടവകാശമുള്ള അഞ്ചുപേരെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവർണറുടെ നീക്കം ജനാധിപത്യത്തെ അട്ടിമറിക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
ഒമർ അബ്ദുളള മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിലാണ്. മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു. തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റും പുറത്ത് വന്നു. ഭരണത്തിൽ നിർണ്ണായക സ്വാധീനം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു പി ഡി പി. ലീഡ് ഉറപ്പായതോടെ ജമ്മു കശ്മീരിൽ പിഡിപിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഒമർ അബ്ദുല്ല പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി അറിഞ്ഞിട്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും പറഞ്ഞു
നിലവിലെ ലീഡുകൾ വിലയിരുത്തുമ്പോൾ ബിജെപി ജമ്മു മേഖലയിൽ മാത്രമായൊതുങ്ങി. ബസോലി സീറ്റിൽ ബിജെപി വിജയിച്ചു.
പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിനെ ഞെട്ടിച്ച് ലീഡ് പിടിച്ചതിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചത്.
തുടക്കത്തില്‍ ലീഡ് പിടിച്ച കോണ്ഗ്രസ് ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീതി ഉയർത്തിയിരുന്നു. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസവും അവർക്കുണ്ടായിരുന്നു. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്നാണ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ആവർത്തിച്ച് അവകാശപ്പെട്ടത്. ഹരിയാനയിലെ വിജയം രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുമെന്നായിരുന്നു അവകാശ വാദം.
ഹരിയാനയിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..