22 December Sunday

കെജ്‌രിവാൾ രാജിവച്ചു ; ഇനി അതിഷി , ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെവനിത

എം അഖിൽUpdated: Wednesday Sep 18, 2024

image credit atishi facebook


ന്യൂഡൽഹി
ഡൽഹിയിൽ ചടുലരാഷ്ട്രീയനീക്കത്തിന്‌ ഒടുവിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ചൊവ്വ പകൽ 4.30ന്‌ ലെഫ്‌റ്റനന്റ്‌ ഗവർണർ വി കെ സക്‌സേനയ്‌ക്ക്‌ രാജിക്കത്ത്‌ നൽകി. പിന്നാലെ, സർക്കാരുണ്ടാക്കാൻ എഎപി നേതാവും മന്ത്രിയുമായ അതിഷി ലെഫ്‌റ്റനന്റ്‌ ഗവർണറോട്‌ അവകാശവാദമുന്നയിച്ചു. സുഷമ സ്വരാജിനും ഷീലാ ദീക്ഷിദിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെവനിത.. നിലവിലെ മന്ത്രിസഭയിൽ വിദ്യാഭ്യാസം, ജലം, ടൂറിസം, ഊർജം, സാംസ്‌കാരികം, ആസൂത്രണം ഉൾപ്പടെ 14 വകുപ്പ്‌ അതിഷി കൈകാര്യം ചെയ്യുന്നുണ്ട്‌.

ഞായറാഴ്‌ചയാണ്‌ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്‌. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ച്‌ ജയിൽമോചിതനായതിന്‌ പിന്നാലെയായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്‌ച പകൽ 11ന്‌ നടന്ന നിയമസഭാകക്ഷി യോഗത്തിൽ അതിഷിയെ പുതിയ മുഖ്യമന്ത്രിയാക്കാൻ ധാരണയായി. കെജ്‌രിവാളാണ്‌ പേര്‌ നിർദേശിച്ചത്‌. മുഖ്യമന്ത്രി ചുമതല വിശ്വസിച്ച്‌ ഏൽപ്പിച്ച കെജ്‌രിവാളിനോട്‌ നന്ദിയുണ്ടെന്ന്‌ അതിഷി പ്രതികരിച്ചു. 26നും 27നുമാണ്‌ അടുത്ത നിയസഭാസമ്മേളനം നടക്കേണ്ടത്‌. അതിന്‌ മുമ്പ്‌ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം, അതിഷിക്ക്‌ എതിരെ ആരോപണവുമായി എഎപി വിമത നേതാവും രാജ്യസഭാ എംപിയും സ്വാതി മലിവാൾ രംഗത്തെത്തി. പാർലമെന്റ്‌ ആക്രമണക്കേസിലെ കുറ്റവാളി അഫ്‌സൽഗുരുവിന്റെ വധശിക്ഷ റദ്ദാക്കിയ ദയാഹർജികളിൽ അതിഷിയുടെ മാതാപിതാക്കൾ ഒപ്പിട്ടിരുന്നതായി അവര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. എന്നാല്‍, ബിജെപി ഏജന്റായ സ്വാതി മലിവാളിന്‌ അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ രാജ്യസഭാംഗത്വം രാജിവയ്ക്കണമെന്ന്‌ എഎപിയുടെ മുതിർന്ന നേതാവ്‌ ദിലീപ്‌പാണ്ഡെ തിരിച്ചടിച്ചു. സ്വാതി മലിവാളിന്റെ ആരോപണം ഏറ്റുപിടിച്ച്‌ ബിജെപിയും അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ വിമർശിച്ച്‌ രംഗത്തെത്തി.

പ്രതീക്ഷിച്ചപോലെ അതിഷി
അരവിന്ദ്‌ കെജ്‌രിവാൾ രാജിവച്ചാൽ മനീഷ്‌ സിസോദിയ അല്ലെങ്കിൽ അതിഷി ഡൽഹി മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഏകദേശധാരണയുണ്ടായിരുന്നു. രണ്ട്‌ ദിവസത്തിനുള്ളിൽ രാജിവെക്കുമെന്ന്‌ കെജ്‌രിവാൾ പ്രഖ്യാപിച്ചതിന്‌ പിന്നാലെ പകരക്കാരനാകില്ലെന്ന്‌ സിസോദിയ അറിയിച്ചു. ഇതോടെ ഡൽഹി സർക്കാരിൽ ജലം, പൊതുമരാമത്ത്‌, ടൂറിസം, സാംസ്‌കാരികം ഉൾപ്പടെ 14 വകുപ്പ് കൈകാര്യം ചെയ്യുന്ന അതിഷി അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. കെജ്‌രിവാളും സിസോദിയയും മദ്യനയക്കേസുകളിൽ ജയിലിലായതിന്‌ പിന്നാലെ 43കാരിയായ അതിഷിയാണ് എഎപിയുടെ മുഖമായി നിന്നത്. 

‘മാർക്‌സിസം, ലെനിനിസത്തോടുള്ള’ ആദരസൂചകമായി  അതിഷിയുടെ മാതാപിതാക്കളായ പ്രൊഫ. വിജയ്സിങ്ങും പ്രൊഫ.  തൃപ്‌താവാഹിയുമാണ് മകളുടെ പേരിനൊപ്പം ‘മാർലെന’ എന്ന്‌ ചേർത്തത്. 2019ൽ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇതുപറഞ്ഞ് രാഷ്ട്രീയഎതിരാളികൾ അനാവശ്യവിവാദം ഉയർത്തി. ഇതോടെ അതിഷി ‘മാർലെന’ ഒഴിവാക്കി.

ഡൽഹി സ്‌പ്രിങ്ങ്‌ ഡെയിൽ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അതിഷി സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജിൽ നിന്നും ബിരുദവും ഓക്‌സ്‌ഫഡ്‌ സർവലാശാലയിൽ നിന്നും സ്‌കോളർഷിപ്പോടെ മാസ്‌റ്റേഴ്‌സ്‌ ബിരുദവും നേടി. 2005ൽ ഓക്‌സ്‌ഫഡിലെ മഗ്‌ദലെൻ കോളേജിൽ റോഡ്‌സ്‌ സ്‌കോളറായി ചേർന്നു. രാഷ്ട്രീയരംഗത്ത്‌ സജീവമാകുന്നതിന്‌ മുമ്പ്‌ ആന്ധ്രാപ്രദേശിലെ ഋഷിവാലി സ്‌കൂളിൽ ചരിത്രവും ഇംഗ്ലീഷും പഠിപ്പിച്ചു. 2013 മുതൽ രാഷ്ട്രീയരംഗത്ത്‌ സജീവമായി. വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന മനീഷ്‌ സിസോദിയയുടെ ഉപദേഷ്ടാവായി. 2019 ലോക്‌സഭാതെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹിയിൽ നിന്നും മത്സരിച്ചെങ്കിലും തോറ്റു.കൽക്കാജിയിൽ നിന്നും 2020 നിയമസഭാതെരഞ്ഞെടുപ്പിൽ എംഎൽഎയായി. കേന്ദ്ര സർക്കാരും ലെഫ്‌.ഗവർണർ വി കെ സക്‌സേനയും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ മറികടക്കുകയാണ് അതിഷിക്ക്‌ മുന്നിലുള്ള പ്രധാന കടമ്പ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top