ബംഗളൂരു > ഭാര്യ വീട്ടുകാർക്കെതിരെ ആരോപണം ഉന്നയിച്ചശേഷം ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനായ ബിഹാർ സ്വദേശി അതുൽ സുഭാഷ് (34) തിങ്കളാഴ്ചയാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് മുൻപ് ഭാര്യവീട്ടുകാർ മാനസികമായി പീഠിപ്പിക്കുന്നു എന്നാരോപിച്ച് അതുൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതുലിന്റെ ഫ്ലാറ്റിൽ നിന്ന് 24 പേജുള്ള ആത്മഹത്യാക്കുറിപ്പും നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാർഡും പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്.
വിവാഹമോചനത്തിനായി മൂന്ന് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു അതുലിന്റെ ആരോപണം. ഭാര്യക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഒരു ജഡ്ജിക്കെതിരെയും അതുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിക്കുന്നുണ്ട്. വിവാഹം ശേഷം ഭാര്യ വീട്ടുകാർ പലപ്പോഴായി പണം ആവശ്യപ്പെട്ടെന്നും ഒരു ഘട്ടത്തിൽ പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യ പിണങ്ങി പോയി എന്നും അതുൽ ആരോപിക്കുന്നു. ഇതെ തുടർന്ന് പീഡന പരാതി ഉൾപ്പെടെയുള്ള കേസുകൾ അതുലിനെതിരെ രജിസ്റ്റർ ചെയ്തു.
വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും വീട്ടുകാരും വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്നും അതുൽ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും കേസിൽ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, അതുൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദത്തിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് അതുലിന്റെ ഭാര്യ നികിത ആരോപിക്കുന്നത്.
ആത്മഹത്യക്ക് പിന്നാലെ നികിത, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർക്കെതിരെ അതുലിന്റെ സഹോദരൻ ബികാസ് കുമാറാണ് പരാതി നൽകിയത്. നികിതയെയും നിഷയെയും അനുരാഗിനെയുമാണ് ഇപ്പോൾ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നികിതയെ ഗുരുഗ്രാമിൽ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജിൽ നിന്നുമാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..