ഇംഫാൽ > മണിപ്പുരിലെ ജിരിബാം കൊലപാതകത്തിൽ ബാക്കിയുള്ള മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്നു. മൃതദേഹങ്ങളിൽ ക്രൂരമായ പരിക്കുകളും വെടിയുണ്ടകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
10 മാസം പ്രായമുള്ള കുഞ്ഞ് ലൈഷ്‌റാം ലംഗൻബയുടെ ഇടതു കാൽമുട്ടിന് വെടിയേൽക്കുകയും രണ്ട് കണ്ണുകൾ നഷ്ടപ്പെടുകയും ചെയ്‌തതായി അധികൃതർ പറഞ്ഞു. ലംഗൻബയുടെ അമ്മായി, 31 വയസ്സുള്ള ടെലിം തോയ്ബിയുടെ നെഞ്ചിലും വയറിലും വെടിയേൽക്കുകയും തലയോട്ടി മൂർച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.
തോയിബിയുടെ എട്ടുവയസ്സുള്ള മകൾ ടെലിം തജമൻബി ദേവിയും വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
നവംബർ 17-ന് മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബോറോബെക്ര മേഖലയിൽ കുക്കി വിഭാഗത്തിലെ 11 പേർ സിആർപിഎഫ് നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇവരെ കാണാതായത്. പിന്നീട് ജിരിബാം ജില്ലയിലെ ജിരി നദിയിൽ നിന്നും അസമിലെ കച്ചാറിലെ ബരാക് നദിയിൽ നിന്നും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുക്കി തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം ഉയർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..