ഇംഫാൽ > മണിപ്പുരിലെ ജിരിബാമിൽനിന്ന് കാണാതായ മെയ്‌ത്തി വിഭാഗക്കാരായ മൂന്ന് സ്‌ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു.
കൊല്ലപ്പെട്ടവരിൽ മൂന്നുപേരുടെ ശരീരത്തിൽ നിന്നായി വെടിയുണ്ടകളും മുറിവുകളും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അസമിലെ കച്ചാർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കൊല്ലപ്പെട്ട മൂന്നുവയസ്സുകാരൻ ചിങ്കീംഗൻബ സിങ്ങിന്റെ തലയോട്ടിയിൽ നിന്ന് വെടിയുണ്ട ലഭിച്ചതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ ദേഹത്ത് നിന്ന് വെടിയുണ്ടകൾക്കു പുറമേ മുറിവുകളും ഉള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ ദേഹത്ത് നിന്ന് നാല് വെടിയുണ്ടകളും മുത്തശ്ശിയുടെ ദേഹത്ത് നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു. അയൽ സംസ്ഥാനമായ അസമിൽനിന്നാണ് ആറുപേരുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ജിരിബാമിൽ കഴിഞ്ഞ തിങ്കളാഴ്‌ച കുക്കി വിഭാഗത്തിലെ 11 പേർ സിആർപിഎഫ് നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇവരെ കാണാതായത്. കുക്കി തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം ഉയർന്നിരുന്നു. ആറുപേരും കൊല്ലപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാൽ പിരിമുറുക്കത്തിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..