26 December Thursday
അസംഖാനും മകനും രണ്ടു ജയിലിൽ

വ്യാജ ഏറ്റുമുട്ടലിൽ 
കൊല്ലപ്പെട്ടേക്കാമെന്ന്‌ അസംഖാൻ

സ്വന്തം ലേഖകൻUpdated: Monday Oct 23, 2023


ന്യൂഡൽഹി
തന്നെ പൊലീസ്‌ വ്യാജ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നേക്കാമെന്ന്‌ സമാജ്‌വാദി പാർടി നേതാവും യുപി മുൻമന്ത്രിയുമായ അസംഖാൻ. മകൻ അബ്‌ദുള്ളയുടെ ഇരട്ടജനന സർട്ടിഫിക്കറ്റ്‌ കേസിൽ അബ്‌ദുള്ളയ്‌ക്ക്‌ പുറമെ അസംഖാനെയും ഭാര്യ തൻസീൻ ഫാത്തിമയെയും ഏഴുവർഷം തടവിന്‌ ബുധനാഴ്‌ച ശിക്ഷിച്ചിരുന്നു. ശനി രാത്രി റാംപുർ ജയിലിൽനിന്ന്‌ സിതാപുർ ജയിലിലേക്ക്‌ മാറ്റവേയാണ്‌ മാധ്യമങ്ങളോട്‌ അസം ഖാൻ സുരക്ഷ ആശങ്കയറിയിച്ചത്‌. അവർ ഞങ്ങളെ വെടിവച്ചു കൊന്നേക്കാം. എന്തും സംഭവിക്കാം –-അസം ഖാൻ പറഞ്ഞു. 

മകൻ അബ്‌ദുള്ളയെ ഹർദോയ്‌ ജില്ലാ ജയിലിലേക്കാണ്‌ മാറ്റിയത്‌. പുലർച്ചെ നാലോടെയാണ്‌ വൻ പൊലീസ്‌ അകമ്പടിയോടെ ഇരു വാഹനങ്ങളിലായി അച്ഛനെയും മകനെയും ജയിൽ മാറ്റിയത്‌. തൻസീൻ ഫാത്തിമ രാംപുർ ജില്ലാ ജയിലിൽ തുടരും. ഏപ്രിലിൽ മുൻ എംപിയായിരുന്ന ആതീഖ്‌ അഹമ്മദും സഹോദരൻ ഖാലിദ്‌ അസീമും പൊലീസ്‌ കസ്‌റ്റഡിയിലിരിക്കെ വെടിയേറ്റ്‌ കൊല്ലപ്പെട്ടിരുന്നു.

പത്തുതവണ റാംപുർ എംഎൽഎയായ അസംഖാൻ ലോക്‌സഭാംഗവുമായിരുന്നു. അഖിലേഷ്‌ യാദവ്‌ മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ രാഷ്‌ട്രീയക്കാരനായി വിശേഷിപ്പിക്കപ്പെട്ട അസം ഖാൻ റാംപുർ മേഖലയിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വൻ സ്വാധീനമുള്ളയാളാണ്‌.

പിന്നീട്‌ അധികാരത്തിലെത്തിയ ആദിത്യനാഥ്‌ സർക്കാർ അസംഖാനെ വേട്ടയാടുന്നുവെന്ന്‌ എസ്‌പി ആരോപിച്ചിരുന്നു.   104 കേസാണ്‌ അസം ഖാനെതിരെ ബിജെപി സർക്കാർ ചുമത്തിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top