മുംബൈ > ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വെടി വച്ച ശേഷം മരണം ഉറപ്പാക്കാനായി പ്രതി 30 മിനിറ്റോളം ആശുപത്രിയുടെ പരിസരത്ത് കാത്തുനിന്നു. വെടിവച്ച ശേഷം ഉടൻ തന്നെ വസ്ത്രം മാറിയെന്നും തുടർന്ന് ബാബാ സിദ്ദിഖിയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്തി ആൾക്കൂട്ടത്തിൽ അര മണിക്കൂറോളം കാത്തുനിന്നെന്നുമാണ് പ്രതി ശിവ്‌കുമാർ ഗൗതം മൊഴി നൽകിയത്. സിദ്ദിഖിയുടെ നില ഗുരുതരമാണെന്നും രക്ഷപെടാൻ സാധ്യതയില്ലെന്നും അറിഞ്ഞതിനു ശേഷമാണ് ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തുകടന്നത്.
എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി വധക്കേസിലെ പ്രധാന പ്രതിയായ ശിവ്‌കുമാർ ഗൗതമിനെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിക്ക് താമസസൗകര്യം ഒരുക്കിയതിനും നേപ്പാളിലേക്ക് കടക്കാൻ സഹായിച്ചതിനും അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേന്ദ്ര പ്രതാപ് സിങ് എന്നീ നാലുപേരെയും ഒപ്പം അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 12-നാണ് ബാബാ സിദ്ദിഖി ബാന്ദ്രയിൽവച്ച് വെടിയേറ്റു മരിച്ചത്. രണ്ട് ഷൂട്ടർമാർ ഉൾപ്പെടെ 20 പേരെ ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ യുപി പൊലീസിന്റെയും മുംബൈ പൊലീസിന്റെയും സംയുക്ത ദൗത്യത്തിലൂടെയാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ബന്ധം ശിവ്കുമാർ സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..