ന്യൂഡൽഹി
കേന്ദ്ര ജീവനക്കാർക്ക് ആർഎസ്‌എസിൽ പ്രവർത്തിക്കുന്നതിന് 58 വർഷമായി ഉണ്ടായിരുന്ന വിലക്ക് നീക്കി മോദി സർക്കാർ. 1966 മുതൽ നിലനിന്ന നിരോധനമാണ് കഴിഞ്ഞ ഒമ്പതിന് പേഴ്‌സണൽ മന്ത്രാലയം റദ്ദാക്കിയത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ രാഷ്‌ട്രീയമായി ദുരുപയോഗിക്കുന്ന സാഹചര്യത്തിൽ തീരുമാനം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി. 18–-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതോടെ, വർഗീയ ധ്രുവീകരണം വളർത്താൻ കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്.
രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽനിന്ന് ജീവനക്കാർ വിട്ടുനിൽക്കണമെന്ന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ആർഎസ്‌എസ്സിലും ജമാഅത്തെ ഇസ്ലാമിയിലും അംഗങ്ങളാകരുതെന്ന് വ്യക്തമാക്കി 1966 നവംബർ 30ന് കേന്ദ്രം വിജ്ഞാപനം ചെയ്‌തിരുന്നു. 1970ലും 1980ലും വ്യക്തത വരുത്തി ഉത്തരവിറക്കി. രാഷ്‌ട്രീയപാർടി അംഗത്വം നേടുന്നതിനു പുറമെ, രാഷ്‌ട്രീയ പ്രവർത്തനത്തെ സഹായിക്കുന്ന ഏതെങ്കിലും പ്രസ്ഥാനത്തിലും കേന്ദ്ര ജീവനക്കാർ പങ്കാളികളാകരുതെന്ന് 1964ലെ സർവീസ് ചട്ടം നിഷ്‌കർഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർഎസ്‌എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പേരെടുത്തു പറഞ്ഞാണ് പിന്നീടുള്ള ഉത്തരവുകൾ. ഈ പട്ടികയിൽനിന്നാണ് മോദി സർക്കാർ ആർഎസ്‌എസിനെ ഒഴിവാക്കിയത്. ഇതോടെ, മതനിരപേക്ഷ ജനാധിപത്യ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന സിവിൽ സർവീസുകാർ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൽ അധിഷ്‌ഠിതമായ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന അപകടകരമായ സ്ഥിതിയുണ്ടാകും.
1948ൽ ഗാന്ധിവധത്തിന് പിന്നാലെയും 1992ൽ ബാബ്‌റി മസ്‌ജിദ് തകർത്തശേഷവും ആർഎസ്‌എസിനെ നിരോധിച്ചിരുന്നു. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചതിൽ ആർഎസ്‌എസിന്റെയും അനുബന്ധ സംഘടനകളുടെയും പങ്ക് വിവിധ അന്വേഷണ കമീഷനുകൾ എടുത്തുപറഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..