22 December Sunday

പാർലമെന്റിൽ മാധ്യമങ്ങള്‍ക്ക് എംപിമാരെ കാണാന്‍ ‘വിലക്ക്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ന്യൂഡൽഹി> പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ മാധ്യമപ്രവർത്തകർക്ക്‌ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ലോക്‌സഭാ സെക്രട്ടറിയേറ്റ്‌. പ്രധാന കവാടമായ മകർ ദ്വാറിന്‌ മുന്നിൽ എംപിമാരെ കാണുന്നതിനാണ്‌ വിലക്ക്‌. തിങ്കളാഴ്‌ച അവിടെനിന്നും റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും  പ്രത്യേകം തയ്യാറാക്കിയ ചില്ലുമുറിയിലേക്ക്‌  മാറ്റി. ലോക്‌സഭാ സ്‌പീക്കറാണ്‌ ഇതിന്‌ നിർദേശം നൽകിയത്‌.

കോവിഡ്‌ കാലത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന്‌ മാധ്യമസംഘടനകൾ ആവശ്യപ്പെടുന്നതിനിടെയാണിത്‌. വിലക്കിനെതിരെ പാർലമെന്റ്‌ വളപ്പിൽ മാധ്യമപ്രവർത്തകർ മൗന പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌സ്‌ (ഡിയുജെ)യും പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയും  രംഗത്തുവന്നു. നേരത്തെ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യയും പ്രതിഷേധിച്ചിരുന്നു. കോവിഡിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകർക്ക്‌ പോലും സ്ഥിരം പാസ്‌ അനുവദിക്കുന്നില്ല.

പാർലമെന്റിൽ സർക്കാർ  ചക്രവ്യൂഹം തീർത്തിട്ടുണ്ടെന്നും അത്‌ മാധ്യമപ്രവർത്തകർക്ക്‌ എതിരാണെന്നും ബജറ്റ്‌ ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പാവം മാധ്യമപ്രവർത്തകർ തന്നോട്‌ വിഷയം ഉന്നയിക്കണമെന്ന്‌ ആവശ്യപ്പെട്ടെന്ന്- രാഹുൽ പറഞ്ഞു. മാധ്യമപ്രവർത്തകരെ പാവങ്ങൾ എന്ന്‌ വിശേഷിപ്പിക്കരുതെന്ന്‌ സ്‌പീക്കർ ഓം ബിർള പറഞ്ഞപ്പോൾ   പാവങ്ങളല്ലാത്ത മാധ്യമപ്രവർത്തകർക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്‌ രാഹുൽ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top