വിഖ്യാത സംവിധായകൻ സത്യജിത് റേയുടെ പഥേർ പാഞ്ചാലി എന്ന സിനിമയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരയാക്കിയ ഉമ ദാസ് ഗുപ്ത (84) അന്തരിച്ചു. ദീർഘകാലമായി കാൻസർ ബാധിതയായിരുന്ന ഉമ ദാസ് ഗുപ്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്തരിച്ചത്.
കുട്ടിക്കാലം മുതൽ നാടകവേദികളിൽ സജീവമായിരുന്ന ഉമയുടെ പ്രകടനം കണ്ട് സത്യജിത് റേ തന്റെ സിനിമയിലെ പ്രധാന കഥാപാത്രമാകാൻ തെരഞ്ഞെടുക്കുകയായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നീ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് മുഖ്യധാരാ സിനിമാ രംഗത്തേക്ക് കടന്നില്ല.
ദുർഗ എന്ന കഥാപാത്രത്തിലൂടെ ഉമാ ദാസ് ഗുപ്ത സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. മഴ നനഞ്ഞുണ്ടായ കടുത്ത പനിയെത്തുടർന്ന് ദുർഗ മരിക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് രംഗം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തീരാത്ത വേദനയായി തുടരുന്നു. പഥേർ പാഞ്ചാലി ഒരു ഗ്രാമീണ ബംഗാളി കുടുംബത്തിന്റെ കഥയാണ് അവതരിപ്പിച്ചത്. ദുർഗയും അവളുടെ ഇളയ സഹോദരൻ അപുവും തമ്മിലുള്ള ബന്ധമായിരുന്നു ഈ സിനിമയുടെ കാതല്‍.
1929 ൽ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ രചിച്ച ഇതേ പേരിലുള്ള ബംഗാളി നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് പഥേർ പാഞ്ചാലി. ഇൻഡ്യൻ സിനിമയെ ലോകശ്രദ്ധയിലെത്തിച്ച ഈ സിനിമയ്ക്ക് രണ്ട് തുടർച്ചകൾ കൂടിയുണ്ടായി - അപരാജിതോ (1956), അപുർ സൻസാർ (1959). ഈ മൂന്നു സിനിമകളും ചേർന്ന ചലച്ചിത്രത്രയം അപുത്രയം എന്നറിയപ്പെടുന്നു.
സിനിമാജീവിതം വേണ്ടെന്നു വെച്ച ഉമ അധ്യാപികയായാണ് ജോലി ചെയ്തിരുന്നത്. ഒരു മകളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..